'ഭരണഘടനാ വിരുദ്ധം': വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് ഡിഎംകെ
ജെപിസിയിലും പാർലമെന്റിലെ ചർച്ചയിലും അംഗങ്ങൾ ഉന്നയിച്ച ഗുരുതരമായ എതിർപ്പുകൾ പരിഗണിക്കാതെയാണ് നിയമം പാസാക്കിയതെന്നും ഡിഎംകെ ചൂണ്ടിക്കാണിക്കുന്നു
ചെന്നൈ: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് ഡിഎംകെ. എംപിയും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ. രാജയാണ് നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ച് സുപ്രിംകോടതിയിൽ ഹരജി നൽകിയത്.
വഖഫ് ബില്ലിനായുള്ള സംയുക്ത പാർലമെന്ററി കമ്മിറ്റിയിലും എ. രാജ അംഗമായിരുന്നു. തമിഴ്നാട്ടില്‍ ഏകദേശം 50 ലക്ഷം വരുന്ന മുസ്‌ലിംകളുടെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ 20 കോടി മുസ്‌ലിംകളുടെയും മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് ഭേദഗതി നിയമം എന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ജെപിസിയിലും പാർലമെന്റിലെ ചർച്ചയിലും അംഗങ്ങൾ ഉന്നയിച്ച ഗുരുതരമായ എതിർപ്പുകൾ പരിഗണിക്കാതെയാണ് നിയമം പാസാക്കിയതെന്നും ഡിഎംകെ വ്യക്തമാക്കുന്നു.
നിയമത്തിനെതിരെ ഇന്നലെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രിംകോടതിയിൽ ഹരജി നൽകിയിരുന്നു. നിയമം പ്രാബല്യത്തിലാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. നേരത്തെ, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും വിവേചനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബിൽ ശനിയാഴ്ച അർധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്