വഖഫ് നിയമം 'ഭൂമി ജിഹാദ്' തടയുമെന്ന് തെലങ്കാന ബിജെപി എംഎൽഎ, ഹിന്ദു രാഷ്ട്രത്തിനായി ആഹ്വാനം
ഉവൈസിയെ ലക്ഷ്യം വച്ചുകൊണ്ട് സിങ് അദ്ദേഹത്തെ മുസ്‍ലിംകളുടെ ഏറ്റവും വലിയ ശത്രു" എന്ന് വിളിച്ചു
ഹൈദരാബാദ്: ഭേദഗതി ചെയ്ത വഖഫ് നിയമം രാജ്യത്ത് ഭൂമി ജിഹാദിന് അറുതി വരുത്തുമെന്ന് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി.രാജ സിങ്. ഹൈദരാബാദിൽ നടന്ന രാമനവമി ഘോഷയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സ്വതന്ത്രമായപ്പോൾ "വഖഫ് ബോർഡിന് ഏകദേശം 4,000 ഏക്കർ ഭൂമിയുണ്ടായിരുന്നു. അവർക്ക് എങ്ങനെയാണ് 9.5 ലക്ഷം ഏക്കർ ലഭിച്ചത്?" അദ്ദേഹം ചോദിച്ചു. പുതിയ നിയമം മുസ്‍ലിം പൗരന്മാരുടെ ഭൂമി അപഹരിക്കില്ലെന്ന് സിങ് അവകാശപ്പെട്ടു. "സ്വത്ത് തട്ടിയെടുക്കുന്നതിനെക്കുറിച്ചല്ല ഇത് എന്ന് മുസ്‍ലിംകൾ മനസിലാക്കണം. നീതിയെക്കുറിച്ചാണ്'' പ്രധാനമന്ത്രി മോദിയുടെ "സബ്കാ സാത്ത്, സബ്കാ വികാസ്" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഉവൈസിയെ ലക്ഷ്യം വച്ചുകൊണ്ട് സിങ് അദ്ദേഹത്തെ മുസ്‍ലിംകളുടെ ഏറ്റവും വലിയ ശത്രു എന്ന് വിളിച്ചു. ഭേദഗതി ചെയ്ത നിയമത്തെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഉവൈസി നൽകിയ ഹരജിക്ക് യാതൊരു ഫലവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. പുതിയ നിയമം ഹിന്ദു, ജൈന, സിഖ് മത ജീവകാരുണ്യ ഫണ്ടുകൾക്ക് ഇപ്പോഴും ബാധകമാകുന്ന നിയമപരമായ സംരക്ഷണങ്ങൾ വഖഫുകൾക്ക് നിഷേധിക്കുന്നുവെന്ന് അഭിഭാഷകനായ എൽസാഫീർ അഹമ്മദ് മുഖേന സമർപ്പിച്ച ഹരജിയിൽ ഉവൈസി ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടത് ഓരോ ഹിന്ദുവിന്‍റെയും ആവശ്യമാണെന്നും രാജാ സിങ് പറഞ്ഞു. സിങ് നയിച്ച രാമനവമി ഘോഷയാത്ര വൈകിട്ട് വരെ നീണ്ടുനിന്നിരുന്നു. 20,000ത്തോളം പൊലീസുകാരെയാണ് ഹൈദരാബാദ് പൊലീസ് ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലുടനീളം നിയോഗിച്ചത്.
11 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി. തുടർന്ന് കഴിഞ്ഞദിവസം രാജ്യസഭയിലും ബിൽ പാസാക്കുകയായിരുന്നു. പ്രതിപക്ഷത്തിന്‍റെ എതിർപ്പ് തള്ളിയാണ് രാജ്യസഭയിലും ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണ് ബിൽ ഇരു സഭകളിലും അവതരിപ്പിച്ചത്.