രേണുകസ്വാമി കൊലക്കേസ്; ദര്‍ശനും കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ചതിന് കര്‍ണാടക ഹൈക്കോടതിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം
കൊലപാതക കേസിൽ അറസ്റ്റിന് കാരണം തേടുന്ന ഹൈക്കോടതി ജഡ്ജിയുടെ സമീപനത്തെയും ബെഞ്ച് ചോദ്യം ചെയ്തു
ഡൽഹി: രേണുകസ്വാമി വധക്കേസിൽ കന്നഡ താരം ദര്‍ശൻ തുഗുദീപക്കും കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ചതിന് കര്‍ണാടക ഹൈക്കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിം കോടതി. ജാമ്യം നൽകിയതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശിച്ചത്.
"വിവേചനാധികാരം ഉപയോഗിക്കുന്നതിൽ ജഡ്ജിയ്‌ക്ക് അടിസ്ഥാനപരമായി പിഴവ് പറ്റിയിട്ടുണ്ടെന്നാണ് ജാമ്യഉത്തരവ് വായിക്കുമ്പോൾ മനസ്സിലാകുന്നത്. അറസ്റ്റുചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. "ഹൈക്കോടതിയുടെ സമീപനമാണ് ഞങ്ങളെ അസ്വസ്ഥരാക്കുന്നത്. ജാമ്യാപേക്ഷ കൈകാര്യം ചെയ്ത രീതി നോക്കൂ. ഇത് പറയേണ്ടി വന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്, പക്ഷേ എല്ലാ ജാമ്യാപേക്ഷകളിലും ഹൈക്കോടതി സമാനമായ ഉത്തരവുകൾ നിർദ്ദേശിക്കുന്നുണ്ടോ," ബെഞ്ച് ചോദിച്ചു. ഒരു കൊലപാതക കേസിൽ അറസ്റ്റിന് കാരണം തേടുന്ന ഹൈക്കോടതി ജഡ്ജിയുടെ സമീപനത്തെയും ബെഞ്ച് ചോദ്യം ചെയ്തു.
രേണുകസ്വാമി കൊലപാതകക്കേസിൽ 2024 ജൂണിലാണ് ദര്‍ശനെ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 30 ന് ജാമ്യത്തിൽ വിടുകയും ചെയ്തു. . ജാമ്യത്തിലിറങ്ങിയ പ്രതി കൊലക്കേസിലെ മുഖ്യസാക്ഷിക്കൊപ്പം തിയറ്ററിൽ സിനിമ കണ്ടത് വിവാദമായിരുന്നു. ബെംഗളൂരുവിലെ ഒരു മാളില്‍ സിനിമ കാണാനായി എത്തിയ നടനെ ആരാധകര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് സ്വീകരിച്ചത്.
ചിത്രദുർഗയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ചാണ് ദർശൻ്റെ നിർദേശപ്രകാരം ജൂൺ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദർശന് ആക്രമണത്തിൽ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.