വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു; ബില്ലിന്‍റെ പകര്‍പ്പ് കത്തിച്ചു
ഡൽഹി, കൊൽക്കത്ത,അഹമ്മദാബാദ് തുടങ്ങി സ്ഥാലങ്ങളിലാണ് കടുത്ത പ്രതിഷേധമുള്ളത്
ഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഡൽഹി, കൊൽക്കത്ത,അഹമ്മദാബാദ് തുടങ്ങി സ്ഥാലങ്ങളിലാണ് കടുത്ത പ്രതിഷേധമുള്ളത്. വിവിധ ഇടങ്ങളിൽ സമരക്കാർ ബില്ലിന്‍റെ പകർപ്പ് കത്തിച്ചു.
ബില്ലുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിക്കാൻ മുസ്‍ലിം വ്യക്തി നിയമ ബോർഡ് രാഷ്ട്രപതിയോട് സമയം തേടിയിട്ടുണ്ട്. സമയം ലഭിച്ചാൽ നേരിട്ട് കണ്ട് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാഷ്ട്രപതിയെ ധരിപ്പിക്കും. പാർലമെന്‍റിന്‍റെ ഇരു സഭകളും പാസാക്കിയ ബില്ലിന് ഇനി രാഷ്ട്രപതിയുടെ അന്തിമ അംഗീകാരമാണ് വേണ്ടത്. തുടർ സമരങ്ങളും നിയമ പോരാട്ടവും മുസ്‍ലിം വ്യക്തി നിയമ ബോർഡ് ഉടൻ പ്രഖ്യാപിക്കും. ബില്ലിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
വഖഫ് നിയമഭേദഗതിയിൽ സംസ്ഥാനത്തും പ്രതിഷേധം ശക്തമാണ് ഭേദഗതിക്കെതിരെ നിയമപോരാട്ടം നടത്തുന്നതിനൊപ്പമാണ് പ്രതിഷേധങ്ങളും സംഘടിപ്പിക്കുക. മുസ്‍ലിം ലീഗ് ഈ മാസം 16ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. മറ്റ് മുസ്‍ലിം മത സംഘടനകളും പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വഖഫ് ഭേദഗതി നിയമം രാജ്യസഭയിലും പാസായതിന് പിന്നാലെ ചേർന്ന മുസ്‍ലിം ലീഗ് ദേശീയ നേതൃയോഗത്തിലാണ് നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം. നിയമപോരാട്ടത്തിനൊപ്പമാകും വിവിധ സംസ്ഥാനങ്ങളിൽ ലീഗ് പ്രതിഷേധം സംഘടിപ്പിക്കുക. ആദ്യപ്രക്ഷോഭ പരിപാടി കോഴിക്കോട് സംഘടിപ്പിക്കാനുമാണ് തീരുമാനം. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് സമസ്തയും പ്രതികരിച്ചു.സമസ്തയും വിവിധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
ഏപ്രിൽ ഒമ്പതിന് സോളിഡാരിറ്റിയും വിഷയത്തിൽ പ്രതിഷേധിക്കും.കരിപ്പൂർ വിമാനത്താവള ഉപരോധമാണ് സോളിഡാരിറ്റി സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ചത്. മറ്റ് സംഘടനകളും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. രണ്ടാം എൻഡിഎ സർക്കാർ കൊണ്ട് വന്ന സിഎഎക്കെതിരായ പ്രക്ഷോഭങ്ങൾക്ക് സമാനമായാണ് വിവിധ സംഘടനകൾ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തുന്നത്.