'ശത്രുതാപരമായ വിവേചനം'; വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് ഉവൈസി
മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14ഉം 15ഉം ബിൽ ലംഘിക്കുന്നുവെന്നും ഹരജിയിൽ പറയുന്നു.
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് കേന്ദ്രം ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി. വഖഫ് ഭേദഗതി മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും ശത്രുതാപരമായ വിവേചനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
പുതിയ നിയമം ഹിന്ദു, ജൈന, സിഖ് മത ജീവകാരുണ്യ ഫണ്ടുകൾക്ക് ഇപ്പോഴും ബാധകമാകുന്ന നിയമപരമായ സംരക്ഷണങ്ങൾ വഖഫുകൾക്ക് നിഷേധിക്കുന്നുവെന്ന് അഭിഭാഷകനായ എൽസാഫീർ അഹമ്മദ് മുഖേന സമർപ്പിച്ച ഹരജിയിൽ ഉവൈസി ചൂണ്ടിക്കാട്ടുന്നു. ഇത് മുസ്‌ലിംകൾക്കെതിരായ ശത്രുതാപരമായ വിവേചനത്തിന് തുല്യമാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14ഉം 15ഉം ലംഘിക്കുന്നുവെന്നും ഹരജിയിൽ പറയുന്നു.
ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും ഭരണഘടനയുടെ മൂന്നാം ഭാഗം പ്രകാരം നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് ജുഡീഷ്യറിയുടെ ഭരണഘടനാപരമായ കടമയാണെന്നും ഹരജിയിൽ വിശദമാക്കുന്നു.
ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ ഉവൈസി ബിൽ കീറിയെറിഞ്ഞിരുന്നു. മുസ്‌ലിംകളുടെ വിശ്വാസത്തിനും മതപരമായ ആചാരങ്ങൾക്കും നേരെയുള്ള ആക്രമണമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വഖഫ് ബില്ലിനെതിരെ മഹാത്മാഗാന്ധിയുടെ മാതൃക സ്വീകരിച്ചാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് വെള്ളക്കാർക്ക് അനുകൂലമായ ബിൽ കീറിയെറിഞ്ഞായിരുന്നു ഗാന്ധിയുടെ സമരം. ഇക്കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു ഉവൈസി ബില്‍ കീറിയെറിഞ്ഞത്.
മുസ്‌ലിംകൾക്ക് വഖഫ് ഭൂമിയിൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരികയും അതേസമയം, കൈയേറ്റക്കാരൻ ഒറ്റരാത്രി കൊണ്ട് ഉടമയായി മാറുകയും ചെയ്യുന്ന അവസ്ഥയാണുണ്ടാവുക. അമുസ്‌ലിം വഖഫ് ബോർഡിനെ നിയന്ത്രിക്കുക എന്നത് ആർട്ടിക്കിൾ 14ന്റെ ലംഘനമാണ് എന്നും ഉവൈസി വ്യക്തമാക്കിയിരുന്നു. വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകളോടുള്ള അനീതിയാണെന്നും ഉവൈസി പറഞ്ഞിരുന്നു.
'മുസ്‌ലിംകളുടെ നേട്ടത്തിന് വേണ്ടിയാണ് ബില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ബിൽ ഭരണഘടനാ ലംഘനമാണ്. അഞ്ച് വർഷമെങ്കിലും മുസ്‌ലിമായി തുടരുന്നവർക്ക് മാത്രമേ വഖഫ് ചെയ്യാനാവൂ എന്ന വ്യവസ്ഥ യുക്തിരഹിതമാണ്. അഞ്ച് വർഷമായി മുസ്‌ലിമായി തുടരുന്നവരെ എങ്ങനെ തിരിച്ചറിയാനാവുമെന്നും ഉവൈസി ചോദിച്ചു.
ബില്ലിനെതിരെ കോൺഗ്രസ് എംപിയും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എം.പി മുഹമ്മദ് ജാവേദാണ് സുപ്രിംകോടതിയില്‍ ഹരജി നൽകിയത്. ബിൽ മുസ്‌ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ബിൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു. വഖഫ് സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ അംഗമായിരുന്നു ജാവേദ്. ബില്ലിനെതിരെ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിക്കുമെന്ന് നേരത്തെ ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി അറിയിച്ചിരുന്നു.
11 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി. തുടർന്ന് കഴിഞ്ഞദിവസം രാജ്യസഭയിലും ബിൽ പാസാക്കുകയായിരുന്നു. പ്രതിപക്ഷത്തിന്‍റെ എതിർപ്പ് തള്ളിയാണ് രാജ്യസഭയിലും ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണ് ബിൽ ഇരു സഭകളിലും അവതരിപ്പിച്ചത്.