ജബൽപൂര്‍ ആക്രമണം; സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി ജബൽപൂർ അതിരൂപതാ വൈദികർ
മാർച്ച് 31ന് നടന്ന സംഭവത്തിൽ ഇന്നലെ പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും വകുപ്പുകൾ വ്യക്തമാക്കിയിട്ടില്ല
ഡൽഹി: മധ്യപ്രദേശിൽ മലയാളി വൈദികർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി ജബൽപൂർ അതിരൂപതാ വൈദികർ. സംഭവം നടന്നു നാല് ദിവസത്തിനു ശേഷം എഫ്ഐആർ ഇട്ടത് കണ്ണിൽ പൊടിയിടാനെന്ന് വിമർശനം. മാർച്ച് 31ന് നടന്ന സംഭവത്തിൽ ഇന്നലെ പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും വകുപ്പുകൾ വ്യക്തമാക്കിയിട്ടില്ല.
സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും പൊലീസിന്‍റെ നടപടി വൈകുന്നതിൽ പ്രതിഷേധിക്കുകയാണ് വൈദികർ. പൊലീസിന്‍റെ കൺമുമ്പിൽ നടന്ന മർദ്ദനത്തിൽ പാർലമെന്‍റിലടക്കം ചർച്ചയായതോടെയാണ് ഇന്നലെ എഫ്ഐആർ ഇട്ടിരിക്കുന്നത്. അതേസമയം എഫ്ഐആറിലെ വകുപ്പുകളിൽ വ്യക്തതയില്ലാത്തതിൽ കോടതിയെ സമീപിക്കുമെന്ന് ജബൽപൂർ അതിരൂപത വൈദികൻ തങ്കച്ചൻ ജോസ്.
നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. റാഞ്ചി പൊലീസ് സ്‌റ്റേഷൻ വളപ്പിൽ വി എച്ച് പി പ്രവർത്തകർ നടത്തിയ അക്രമത്തിന്‍റെ ദൃശ്യങ്ങൾ ഉണ്ടായിട്ടും എഫ്ഐആറിലെ വകുപ്പുകളിൽ പൊലീസ് മൗനം തുടരുകയാണ്. ജബൽപൂർ കത്തോലിക്കാ രൂപത വികാരി ജനറൽ ഫാദർ ഡേവിസ് ജോർജ്ജിനെയും രൂപത സെക്രട്ടറി ഫാദർ ജോർജ് തോമസിനെയും മർദ്ദിച്ചതിൽ പ്രതിഷേധം ശക്തമാക്കാനാണ് വൈദികരുടെ തീരുമാനം.