എം.എ ബേബിയോ രാഘവുലുവോ?; സിപിഎമ്മിന്‍റെ പുതിയ ജനറൽ സെക്രട്ടറിയെ നാളെ തെരഞ്ഞെടുക്കും
പാർട്ടി കോൺഗ്രസിന് മാസങ്ങൾക്കു മുമ്പ് തന്നെ ഉയർന്നു വന്ന പ്രധാനപ്പെട്ട ചോദ്യമായിരുന്നു സിപിഎമ്മിന്‍റെ അടുത്ത ജനറൽ സെക്രട്ടറി ആര് എന്നത്
മധുര: സിപിഎമ്മിന്‍റെ പുതിയ ജനറൽ സെക്രട്ടറിയെ നാളെ തെരഞ്ഞെടുക്കും. എം.എ ബേബി, അശോക് ധാവ്ള , ബി.വി രാഘവുലു തുടങ്ങിയവരെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കേരള ഘടകത്തിന്‍റെയും പിന്തുണ കിട്ടിയാൽ എം.എ ബേബി സിപിഎമ്മിന്‍റെ അടുത്ത ജനറൽ സെക്രട്ടറിയാകും.
പാർട്ടി കോൺഗ്രസിന് മാസങ്ങൾക്കു മുമ്പ് തന്നെ ഉയർന്നു വന്ന പ്രധാനപ്പെട്ട ചോദ്യമായിരുന്നു സിപിഎമ്മിന്‍റെ അടുത്ത ജനറൽ സെക്രട്ടറി ആര് എന്നത്. ആ ചോദ്യത്തിനുള്ള ഉത്തരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ പുതിയ കേന്ദ്ര കമ്മിറ്റി ചേർന്ന് പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കും. കിസാൻ സഭാ നേതാവ് അശോക് ധാവ്ളയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെ പാർട്ടിയുടെ വളർച്ചയ്ക്ക് ധവ്ളയുടെ പങ്കാളിത്തം അവിടെ അനിവാര്യമാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
ആന്ധ്രയിൽ നിന്നുള്ള ബി.വി രാഘവുലുവിനെ പരിഗണിച്ചെങ്കിലും ചില ആരോപണങ്ങൾ നേരിടേണ്ടി വന്നത് പാർട്ടി നേതൃത്വം പരിശോധിക്കുന്നുണ്ട്. ഇതോടെ കേരളത്തിൽ നിന്നുള്ള എം.എ ബേബിക്ക് സാധ്യത വർധിച്ചിട്ടുണ്ട്.ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് ഗുണകരമാണെങ്കിലും കേരള ഘടകത്തിന്‍റെ താൽപര്യം ബേബിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിന് നിർണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ബേബിയെ പിന്തുണച്ചാൽ ഇഎംഎസിനു ശേഷം കേരളത്തിൽ നിന്നുള്ള ജനറൽ സെക്രട്ടറിയാകും എം.എ ബേബി.