'വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികൾ, ജയിലിലടക്കും': ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ

'' വഖഫ് ബിൽ പാലിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നവർ ജയിലിൽ പോകേണ്ടിവരും. ഇത് പാകിസ്താനല്ല, ഹിന്ദുസ്ഥാനാണ്. നരേന്ദ്ര മോദി സർക്കാറാണ് ഇവിടെയുള്ളത്''

Update: 2025-04-05 04:52 GMT
Editor : rishad | By : Web Desk
Advertising

പറ്റ്ന: വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി ജയിലിലടയ്ക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിജയ് കുമാർ സിൻഹ. പാർലമെന്റിന്റെ ഇരുസഭകളിലും കഴിഞ്ഞ ദിവസം ബിൽ പാസാക്കിയിരുന്നു.

'' വഖഫ് ഭേദഗതി ബില്‍ പാലിക്കില്ലെന്ന് പറയുന്നവര്‍ ജയിലിൽ പോകേണ്ടിവരും. ഇത് പാകിസ്താനല്ല, ഹിന്ദുസ്ഥാനാണ്. നരേന്ദ്ര മോദി സർക്കാറാണ് ഇവിടെ ഭരിക്കുന്നത്''- വിജയ് കുമാർ സിൻഹ വ്യക്തമാക്കി. "പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ കൃത്യമായി തന്നെ പാസാക്കിയതാണ്. ഇപ്പോഴും അത് അംഗീകരിക്കില്ലെന്ന് പറയുന്നവർ രാജ്യദ്രോഹികളാണ്. ഇത്തരക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം''- അദ്ദേഹം കൂട്ടിച്ചേർത്തു  

അതേസമയം വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ജെഡിയുവിലും ആർഎൽഡിയിലും നേതാക്കളുടെ കൂട്ടരാജിയാണ്. അഞ്ച് മുതിർന്ന നേതാക്കളാണ് ബില്ലിനെ അനുകൂലിച്ച നിലപാടിൽ പ്രതിഷേധിച്ച് ജെഡിയു വിട്ടത്. പാർട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്‌രീസ് ഹസൻ ആണ് അവസാനം രാജിവച്ചത്. ജെഡിയു മൈനോറിറ്റി സെൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്‌രീസ് സിദ്ദീഖി, ഭോജ്പൂർ മേഖലയിൽ നിന്നുള്ള നേതാവായ മുഹമ്മദ് ദിൽഷൻ റെയ്ൻ, മുഹമ്മദ് ഖാസിം അൻസാരി എന്നിവർ നേരത്തെ രാജിവച്ചിരുന്നു.

ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാറിന് പ്രതിസന്ധിയാകുകയാണ് നേതാക്കളുടെ രാജി. സംസ്ഥാനത്ത് ജെഡിയുവിനൊപ്പം ചേര്‍ന്നാണ് ബിജെപി, സര്‍ക്കാറിനെ  ചലിപ്പിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News