വഖഫ് ബില്ലിനെ പിന്തുണച്ചതിൽ ആർഎൽഡിയിൽ പൊട്ടിത്തെറി; രണ്ടായിരത്തിലധികം ആളുകൾ പാർട്ടി വിടുമെന്ന് രാജിവെച്ച ജനറല്‍ സെക്രട്ടറി
വഖഫ് ബില്ലിനെ പിന്തുണയ്ക്കാനുള്ള ആർഎൽഡി ദേശീയ പ്രസിഡന്റ് ജയന്ത് ചൗധരിയുടെ തീരുമാനത്തിൽ രോഷാകുലനാണെന്ന് രാജിക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് യുപിയില്‍ ജനറൽ സെക്രട്ടറിയായിരുന്ന റിസ്‌വി പറയുന്നു
മീറത്ത്: വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ എൻഡിഎയുടെ ഭാഗമായ രാഷ്ട്രീയ ലോക്ദളിൽ(ആർഎൽഡി) പൊട്ടിത്തെറി. ഉത്തർപ്രദേശ് ആർഎൽഡി ജനറൽ സെക്രട്ടറി ഷഹസീബ് റിസ്‌വി രാജിവെച്ചു.
പാർലമെന്റിൽ വഖഫ് ബില്ലിനെ പിന്തുണയ്ക്കുന്നതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന്റെ രാജി. ബിജെപി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിലെ (എൻഡിഎ) പ്രധാനപ്പെട്ടൊരു ഘടകകക്ഷിയാണ് ആർഎൽഡി.
വഖഫ് ബില്ലിനെ പിന്തുണയ്ക്കാനുള്ള ആർഎൽഡി ദേശീയ പ്രസിഡന്റ് ജയന്ത് ചൗധരിയുടെ തീരുമാനത്തിൽ താൻ രോഷാകുലനാണെന്ന് രാജിക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റിസ്‌വി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടും എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ ഭാവി സംബന്ധിച്ച് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ അനുയായികളുമായി കൂടിയാലോചിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. രണ്ടായിരത്തിലധികം ആർഎൽഡി പ്രവർത്തകർ തന്നോടൊപ്പം രാജിവയ്ക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. മുസ്‌ലിം വോട്ടർമാരുടെ വികാരങ്ങളെ ദേശീയ പ്രസിഡന്റ് ചൗധരി അവഗണിച്ചുവെന്ന് റിസ്‌വി പറഞ്ഞു.
'ഇന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ആർഎൽഡിക്ക് 10 എംഎൽഎമാരുണ്ടെങ്കിൽ, മുസ്‌ലിംകൾക്ക് ഇതില്‍ നിര്‍ണായക പങ്കുണ്ട്. ചൗധരി ചരൺ സിംഗ് കാണിച്ച പാതയിൽ നിന്ന് ഇപ്പോഴത്തെ നേതൃത്വം വ്യതിചലിച്ചുവെന്നും'- അദ്ദേഹം വ്യക്തമാക്കി.
അതേസമയം വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിലെ ജെഡിയുവിലും നേതാക്കളുടെ കൂട്ടരാജിയാണ്. അഞ്ച് മുതിർന്ന നേതാക്കളാണ് ബില്ലിനെ അനുകൂലിച്ച നിലപാടിൽ പ്രതിഷേധിച്ച് ജെഡിയു വിട്ടത്. പാർട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്‌രീസ് ഹസൻ ആണ് അവസാനം രാജിവച്ചത്.