വിവരാവകാശം, ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ്...മൻമോഹൻ സർക്കാരും മോദി സർക്കാരും പാസാക്കിയ നിയമങ്ങൾ ചർച്ചയാകുന്നു
പൗരത്വ ഭേദഗതി നിയമം, വഖഫ് ഭേദഗതി, മുത്വലാഖ് നിരോധനം തുടങ്ങി മുസ്‌ലിം വിരുദ്ധ നിയമങ്ങൾ കൊണ്ടുവരാനായിരുന്നു മോദി സർക്കാരിന് താത്പര്യം.
കോഴിക്കോട്: ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന യുപിഎ സർക്കാരും നരേന്ദ്ര മോദിയുടെ എൻഡിഎ സർക്കാരും കൊണ്ടുവന്ന നിയമങ്ങളുടെ താരതമ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിവരാവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം തുടങ്ങിയ ജനക്ഷേമ പദ്ധതികൾ മൻമോഹൻ സിങ് സർക്കാർ കൊണ്ടുവന്നപ്പോൾ തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായ മുസ്‌ലിം വിരുദ്ധ നിയമങ്ങൾ ചുട്ടെടുക്കാനായിരുന്നു മോദി സർക്കാരിന് തിടുക്കം.
വിവരാവകാശ നിയമം, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ അവകാശ നിയമം, ആണവകരാർ, പ്രത്യേക സാമ്പത്തിക മേഖല തുടങ്ങിയവ മൻമോഹൻ സിങ്ങിന്റെ കാലത്താണ് നടപ്പാക്കിയത്. ഭരണരംഗത്ത് സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു വിവരാവകാശ നിയമം നടപ്പാക്കിയത്. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് വർഷത്തിൽ 100 ദിവസമെങ്കിലും തൊഴിൽ ഉറപ്പാക്കുക എന്നതായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം.
15 വയസ്സ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സാർവത്രികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയായിരുന്നു വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലക്ഷ്യം. പൗരൻമാരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവന്നത്. ഓരോ മാസവും ഒരാൾക്ക് നിശ്ചിത വിഹിതം ഭക്ഷ്യധാന്യം വീതം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്.
ജനക്ഷേമ പദ്ധതികൾക്കപ്പുറം തങ്ങളുടെ ഹിന്ദുത്വ നിലപാടിന്റെ ഭാഗമായി രാജ്യത്തെ ഒരു വിഭാഗം പൗരൻമാരെ അപവത്കരിക്കുന്ന നിയമങ്ങളാണ് മോദി സർക്കാർ കൂടുതലും കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമമായിരുന്നു അതിൽ ഏറ്റവും വിവാദമായത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾ ഒഴികെയുള്ള മതസ്ഥർക്ക് പൗരത്വം നൽകുകയാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററും ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ രജിസ്റ്റർ വരുന്നതോടെ അതിൽ നിന്ന് പുറത്താവുമെന്ന് മുസ്‌ലിംകളുടെ പൗരത്വം സംശയത്തിന്റെ നിഴലിലാകും.
യുഎപിഎ നിയമം കൂടുതൽ ശക്തമാക്കുന്നതായി യുഎപിഎ നിയമ ഭേദഗതി. വ്യക്തികൾക്കെതിരെ യുഎപിഎ ചുമത്താമെന്നും തീവ്രവാദ കേസുകളിൽ എൻഐഎക്ക് കുടുതൽ അധികാരം നൽകുന്നതുമാണ് ഭേദഗതി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് മോദി സർക്കാരിന്റെ മറ്റൊരു നിയമം.
കർഷകരുടെ അവകാശങ്ങൾ വെട്ടിക്കുറച്ച് കുത്തകകൾക്ക് കാർഷിക മേഖലയിൽ കടന്നുകയറാൻ അവസരമൊരുക്കുന്ന കാർഷിക നിയമങ്ങൾ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മോദി സർക്കാരിന് പിൻവലിക്കേണ്ടി വന്നിരുന്നു. സിവിൽ നിയമമായ വിവാഹം, വിവാഹ മോചനം തുടങ്ങിയവ മുസ്‌ലിംകൾക്ക് മാത്രം ക്രിമിനൽ കുറ്റമാക്കുന്ന രീതിയിലാണ് മോദി സർക്കാർ മുത്വലാഖ് നിരോധന നിയമം കൊണ്ടുവന്നത്.
വഖഫ് ഭേദഗതി നിയമമാണ് ഈ പട്ടികയിൽ ഏറ്റവും അവസാനത്തേത്. രാജ്യത്തെ മുസ്‌ലിം മതസ്ഥാപനങ്ങളിൽ നിയമപരമായ കയ്യേറ്റത്തിന് അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതി. വഖഫ് ബോർഡിന്റെ അധികാരം വെട്ടിക്കുറക്കയും വഖഫ് തർക്കങ്ങളിൽ ജില്ലാ കലക്ടറെ അധികാരപ്പെടുത്തുകയും ചെയ്യുന്ന നിയമം വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാൻ കാരണമാകുമെന്ന ആശങ്കയാണ് മുസ്‌ലിം സംഘടനകൾ ഉയർത്തുന്നത്. വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയും ഭേദഗതിയിലുണ്ട്.