വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ജെഡിയുവിലും ആർഎൽഡിയിലും നേതാക്കളുടെ കൂട്ടരാജി

അഞ്ച് മുതിർന്ന നേതാക്കളാണ് ജെഡിയുവിൽ നിന്ന് രാജിവെച്ചത്.

Update: 2025-04-05 03:29 GMT
Advertising

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ജെഡിയുവിലും ആർഎൽഡിയിലും നേതാക്കളുടെ കൂട്ടരാജി. അഞ്ച് മുതിർന്ന നേതാക്കളാണ് ബില്ലിനെ അനുകൂലിച്ച നിലപാടിൽ പ്രതിഷേധിച്ച് ജെഡിയു വിട്ടത്. പാർട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്‌രീസ് ഹസൻ ആണ് അവസാനം രാജിവച്ചത്.

ജെഡിയു മൈനോറിറ്റി സെൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്‌രീസ് സിദ്ദീഖി, ഭോജ്പൂർ മേഖലയിൽ നിന്നുള്ള നേതാവായ മുഹമ്മദ് ദിൽഷൻ റെയ്ൻ, മുഹമ്മദ് ഖാസിം അൻസാരി എന്നിവർ നേരത്തെ രാജിവച്ചിരുന്നു.

വെള്ളിയാഴ്ചയാണ് തബ്‌രീസ് അൻസാരി പാർട്ടി അധ്യക്ഷൻ നിതീഷ് കുമാറിന് രാജിക്കത്ത് കൈമാറിയത്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ പാർട്ടി മതേതര നിലപാട് ഉയർത്തിപ്പിടിക്കുമെന്ന മുസ്‌ലിംകളുടെ വിശ്വാസം ഇല്ലാതായെന്ന് രാജിക്കത്തിൽ അൻസാരി പറഞ്ഞു. താങ്കൾ സ്വന്തം മതേതര പ്രതിച്ഛായ ഉയർത്തിപ്പിടിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തുടർച്ചയായി മുസ്‌ലിംകൾക്കെതിരെ പ്രവർത്തിക്കുന്ന ശക്തികളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത് തന്നെ നിരാശപ്പെടുത്തിയെന്നും അൻസാരി പറഞ്ഞു.

വഖഫ് ഭേദഗതി ബിൽ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന്റെയും മുത്വലാഖ് നിരോധനം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ മുസ്‌ലിം വിരുദ്ധമായ നിയമങ്ങളുടെയും തുടർച്ചയാണ്. ബില്ലിനെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഉറുദുവിലും ഹിന്ദിയിലും പാർട്ടിക്ക് കത്ത് നൽകിയിരുന്നു. പക്ഷേ അവർ അവഗണിച്ചു. വളരെയധികം ചിന്തിച്ച ശേഷമാണ് രാജിവെക്കാൻ തീരുമാനിച്ചത്. ഇത് തന്റെ ഉത്തരവാദിത്തത്തിന്റെ അവസാനമല്ല, ഇതൊരു പുതിയ തുടക്കമാണെന്നും അൻസാരി പറഞ്ഞു.

ആർഎൽഡിയിൽ ഉത്തർപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി ഷഹ്‌സൈബ് റിസ്‌വിയാണ് രാജിവച്ച പ്രധാന നേതാവ്. പാർട്ടി അധ്യക്ഷൻ ജയന്ത് ചൗധരി മതേതരത്വം ഉപേക്ഷിച്ചെന്നും മുസ്‌ലിംകളെ പിന്തുണക്കുന്നതിൽ പരാജയപ്പെട്ടെന്നും രാജിക്കത്തിൽ റിസ്‌വി ആരോപിച്ചു. മുസ്‌ലിംകൾ ഒറ്റക്കെട്ടായി ചൗധരിയെ പിന്തുണച്ചിരുന്നു. പക്ഷേ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം സമുദായത്തിന് ഒപ്പം നിന്നില്ലെന്ന് റിസ്‌വി ആരോപിച്ചു.

ആർഎൽഡിയിലെ നിരവധി ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും രാജിവെച്ചിട്ടുണ്ട്. ഹാപൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സാക്കി ഒരു വിഭാഗം പ്രാദേശിക നേതാക്കൾക്കൊപ്പമാണ് പാർട്ടി വിട്ടത്. മുസ്‌ലിം പ്രശ്‌നങ്ങളിൽ പാർട്ടി മൗനം പുലർത്തുകയാണെന്നും അധികാരത്തിനായി പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ കൈവിട്ടെന്നും സാക്കി ആരോപിച്ചു. ജനങ്ങളുടെ താത്പര്യങ്ങളെക്കാൾ സ്വന്തം അധികാര താത്പര്യത്തിനാണ് പാർട്ടി നേതൃത്വം പ്രാധാന്യം നൽകുന്നതെന്ന് ഇപ്പോൾ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത 232 പ്രതിപക്ഷ എംപിമാർക്ക് സാക്കി നന്ദി പ്രകടിപ്പിച്ചു. സർക്കാരിന് ബില്ല് പാസാക്കാൻ കൂടുതൽ ആളുകളെ പിന്തുണ ലഭിച്ചെങ്കിലും ഭരണഘടനക്കൊപ്പം നിന്നവർ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News