ഉവൈസിക്ക് പിന്നാലെ വഖഫ് ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് എഎപി
എഎപി അംഗം അമാനത്തുള്ള ഖാനാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി സുപ്രിംകോടതിയില്‍ ഹരജി നല്‍കി. എഎപി അംഗം അമാനത്തുള്ള ഖാനാണ് സുപ്രിംകോടതിയെ സമീപിച്ചത്.
വിവാദ ബില്ലിന്റെ ഭരണഘടനാ സാധുതയ്‌ക്കെതിരെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ മേധാവി അസദുദ്ദീൻ ഒവൈസിയും കോൺഗ്രസ് എംപി മുഹമ്മദ് ജാവേദും വെള്ളിയാഴ്ച സുപ്രിംകോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് അമാനത്തുള്ള ഖാന്റെ നീക്കം.
മുസ്‌ലിംകളുടെ മതപരവും സാംസ്കാരികവുമായ സ്വയംഭരണത്തെ വെട്ടിക്കുറയ്ക്കുകയും ന്യൂനപക്ഷ അവകാശങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് വഖഫ് ഭേദഗതി ബില്ലെന്ന് ഡൽഹി വഖഫ് ബോർഡ് ചെയർമാന്‍ കൂടിയായ അമാനത്തുള്ള ഖാൻ ഹരജിയില്‍ വ്യക്തമാക്കുന്നു.
വിവാദമായ വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിലും രാജ്യസഭയിലും യഥാക്രമം വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് പാസാക്കിയത്. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ബില്ലിനെച്ചൊല്ലി ഇരു സഭകളിലും നടന്നത്. 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. രാജ്യസഭയില്‍ 128 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ക്കുകയും ചെയ്തു.
രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണ് ബിൽ ഇരു സഭകളിലും അവതരിപ്പിച്ചത്. ശത്രുതാപരമായ വിവേചനം എന്ന് ചൂണ്ടിക്കാട്ടിയാണ് വഖഫ് ഭേദഗതി ബില്ലിനെതിരെ ഉവൈസി സുപ്രിംകോടതിയെ സമീപിച്ചത്.