പുതിയ പാമ്പൻ റെയിൽവേ പാലം ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
തമിഴ്നാട്ടിൽ നിന്നുള്ള നേതാക്കളുടെ കത്തുകളിൽ തമിഴിൽ ഒപ്പിടുന്നത് കാണാറില്ലെന്ന് പരിഹാസം
ചെന്നൈ: പുതിയ പാമ്പൻ റെയിൽവേ പാലം രാമേശ്വരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ പാമ്പൻപാലത്തിലൂടെ യാത്ര ആരംഭിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള നേതാക്കളുടെ കത്തുകളിൽ തമിഴിൽ ഒപ്പിടുന്നത് കാണാറില്ലെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
ശ്രീലങ്കയിലെ അനുരാധപുരയിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സൈനിക ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഹെലിപാഡിൽ നിന്ന് അദ്ദേഹം കാറിൽ പാമ്പൻ പാലത്തിന്റെ മധ്യത്തിൽ സജ്ജീകരിച്ച പ്ലാറ്റ്‌ഫോമിലെത്തിയാണ് ഉദഖാദനം നിർവഹിച്ചത്.
തമിഴ്‌നാട് നേതാക്കളിൽ നിന്ന് നിരവധി കത്തുകൾ ലഭിക്കുന്നുണ്ടെങ്കിലും അവരാരും തമിഴിൽ ഒപ്പിടുന്നില്ലെന്ന് മോദി പരിഹസിച്ചു. അവർക്ക് അവരുടെ ഭാഷയിൽ ശരിക്കും അഭിമാനമുണ്ടെങ്കിൽ, കുറഞ്ഞത് തമിഴിൽ പേരെങ്കിലും എഴുതണമെന്നും മോദി പറഞ്ഞു. ഭാഷ വിവാദം നിലനിൽക്കെയായിരുന്നു മോദിയുടെ പ്രതികരണം.
1914-ൽ നിർമ്മിച്ച പഴയ പാലത്തിന് പകരമായിരിക്കും പുതിയ പാമ്പൻ പാലം. തുരുമ്പെടുക്കൽ ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ കാരണം 2022-ൽ ആണ് പഴയ പാലം അടച്ചുപൂട്ടിയത്. തമിഴ്‌നാടിന്റെ പരമ്പരാഗത വസ്ത്രമായ മുണ്ടും ഷർട്ടും ധരിച്ചായിരുന്നു പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്.