Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്ര പരിശോധനയില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയിലെ നടപടികള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. ലോക്‌സഭാ തുടര്‍ച്ചായി മുടങ്ങുന്നത് തടയാനായി സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചു. കമല്‍ ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്യസഭാംങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
വോട്ടര്‍ പട്ടികയിലെ പരിശോധനയുടെ ചുരുക്കപേരായ SIR എന്നെഴുതിയ ബോര്‍ഡ് കീറി ചവറ്റു കുട്ടയിലിട്ട ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റിനു പുറത്തെ സമരം ഇന്നാരംഭിച്ചത്.
ലക്ഷക്കണക്കിന് ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കുന്ന തീവ്ര പരിശോധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് വളപ്പിലും സമരം നടത്തി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കി.
രാജ്യസഭായിലെ ആദ്യ നടപടി പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയായിരുന്നു. നടനും മക്കള്‍ നീധി മെയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ , എഴുത്തുകാരി രാജാത്തി സല്‍മ ,മുതിര്‍ന്ന അഭിഭാഷകനായ പി.വിത്സണ്‍ , മുന്‍ തമിഴ്നാട് മന്ത്രി എസ്.ആര്‍ ശിവലിംഗം എന്നിവരുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ ബഹളം തുടങ്ങി.
ഇതോടെ രാജ്യസഭാ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. ലോക്‌സഭാ ഒരു മണിക്കൂര്‍ എങ്കിലും പ്രവര്‍ത്തിപ്പിക്കാനാണ് സ്പീക്കര്‍ ഓം ബിര്‍ള പ്രത്യേക യോഗം വിളിച്ചത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്ന നിലപാടിലാണ് പ്രതിപക്ഷം.