ന്യൂഡല്‍ഹി: നീറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റും റീലുകളുമെല്ലാം വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങളും ട്രോളുകളെക്കൊണ്ടുമൊക്കെ നിറയുകയാണ്.
നോർവീജിയൻ ഫുട്ബോൾ താരം എർലിങ് ഹാളണ്ടും ഇന്ത്യയിലെ വിദ്യാഭ്യാസ പ്രതിസന്ധിയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രോളുകളും മീമുകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ലോകകപ്പ് ഫുട്ബോളിന് ശേഷവും ഹാളണ്ട് ഇന്ത്യയില്‍ നിറയുന്നത് അങ്ങനെയാണ്.
@truesamanvay എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന പോസ്റ്റിലാണ് ഹാളണ്ടും പ്രത്യക്ഷപ്പെട്ടത്. 'എന്റെ പേര് നരേന്ദ്ര മോദി, ഹാളണ്ട് ഈ പോസ്റ്റിനോട് പ്രതികരിച്ചാൽ ഞാൻ ധർമേന്ദ്ര പ്രധാന്റെ രാജി സ്വീകരിക്കും' എന്നായിരുന്നു കുറിപ്പ്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഹാളണ്ടിനെ ടാഗ് ചെയ്ത് കമന്റ് ചെയ്തത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരാധകർക്ക് ഹാളണ്ട് മറുപടി നൽകാറുണ്ട്. ഇതാണ് ഇൻസ്റ്റാഗ്രാമിലെ ജനപ്രിയ അക്കൗണ്ടായ @truesamanvay പോസ്റ്റിടാൻ ഉപയോഗപ്പെടുത്തിയത്. തുടർന്ന് അയ്യായിരത്തിലധികം കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയത്. "ഒരു രാജ്യത്തെ സഹായിക്കൂ സഹോദരാ," എന്നും, "ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതിനേക്കാൾ 100 മടങ്ങ് സാധ്യത ഹാളണ്ട് മറുപടി നൽകുന്നതിനാണ്" എന്നുമൊക്കെ ആരാധകര്‍ കുറിച്ചു.
പ്രമുഖ കൊമേഡിയൻ അനിർബാൻ ദാസ്ഗുപ്തയും പോസ്റ്റിൽ പങ്കാളിയായി. "എർലിങ്, ഇതുംകൂടി അടിച്ചുകയറ്റിയാൽ ഇത് ഈ സീസണിലെ മികച്ച ഗോളാകും" എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.
അതേസമയം മുംബൈയിൽ നടന്ന നീറ്റ് വിരുദ്ധ പ്രതിഷേധത്തിൽ വിദ്യാർത്ഥികൾ ഹാളണ്ടിന്റെ വിഖ്യാതമായ 'വിക്കിങ് റോ' ആഘോഷ രീതി പുനരാവിഷ്കരിക്കുകയും ചെയ്തു. ഗ്രൗണ്ടിലിരുന്ന് വള്ളം തുഴയുന്നതുപോലെ ഒരേ താളത്തിൽ ആംഗ്യം കാണിച്ച് "റോ!" എന്ന് ആർത്തുവിളിക്കുന്ന ഒരു ആഘോഷരീതിയാണിത്. ലോകകപ്പ് ഫുട്ബോളിലും ഇത്തരമൊരു ആഘോഷ രീതി നോര്‍വെ താരങ്ങള്‍ പയറ്റിയിരുന്നു.
ഹാളണ്ടും ഇന്ത്യൻ വിദ്യാർത്ഥി പ്രക്ഷോഭവും തമ്മിൽ ബന്ധമൊന്നുമില്ലെങ്കിലും, രണ്ടിലും നിഴലിക്കുന്നത് സമൂഹമാധ്യമ യുഗത്തിലെ യുവാക്കളുടെ ('Gen Z') ചിന്താരീതിയാണ്. മീമുകൾ, ഇൻസ്റ്റാഗ്രാം റീലുകൾ, സർക്കാസം എന്നിവയിലൂടെയാണ് പുതിയ തലമുറ രാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിക്കുന്നത്.
Full View