Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ നിന്ന് വീണ് യുവതി മരിച്ചു. 24കാരിയായ പ്രിയങ്കയാണ് മരിച്ചത്. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫണ്‍ ആന്‍ഡ് ഫുഡ് വാട്ടര്‍ പാര്‍ക്കിലാണ് സംഭവം. വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മരണം.
പ്രതിശ്രുത വരന്‍ നിഖിലിന്റെ കൂടെയാണ് പ്രിയങ്ക അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തിയത്. റോളര്‍ കോസ്റ്റര്‍ റൈഡിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സ്റ്റാന്‍ഡ് പൊട്ടിയാണ് പ്രിയങ്ക താഴെ വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ മണിപ്പാല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചാണക്യപുരി നിവാസിയായ പ്രിയങ്ക നോയിഡയിലെ ഒരു ടെലികോം കമ്പനിയില്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
അമ്യൂസ്‌മെന്റ് പാര്‍ക്കിനെതിരെ ബിഎന്‍എസിന്റെ സെക്ഷന്‍ 289, 106 എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവങ്ങളുടെ കൃത്യമായ ക്രമവും സംഭവത്തിന്റെ ഉത്തരവാദിത്തവും കണ്ടെത്തുന്നതിന് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.