Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗം അവസാനിച്ചു. യോഗത്തിൽ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
കശ്മീരിലെ കോളജുകളിൽ നിന്ന് കൂടുതൽ വിദ്യാർഥികൾ തിരികെ അവരുടെ നാടുകളിലേക്ക് യാത്ര തിരിച്ചു. ശ്രീനഗറിലെ ഷാലിമാർ കോളജിൽനിന്ന് 14 അംഗ മലയാളി വിദ്യാർഥികൾ ഇപ്പോൾ ജമ്മുവിലേക്ക് യാത്ര ചെയ്യുകയാണ്. ജമ്മുവിൽ എത്തിയാൽ കേരളത്തിലേക്ക് മടങ്ങിയെത്താൻ സംസ്ഥാന സർക്കാർ സൗകര്യം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാകിസ്താന് നൽകിയത്. രാത്രി 9 മണിയോടെ ആരംഭിച്ച പാക് പ്രകോപനം പുലർച്ചെ വരെ നീണ്ടു. വിദേശനിർമിത ഡ്രോണുകളും മിസൈലുകളും അടക്കം ഇന്ത്യയിലേക്ക് എത്തിയ പാക് സന്നാഹങ്ങളെല്ലാം അന്തരീക്ഷത്തിൽ വച്ച് തന്നെ സൈന്യം നിർവീര്യമാക്കി. ഡൽഹി ലക്ഷ്യമാക്കിയ ദീർഘദൂര മിസൈലുകളെ പഞ്ചാബ്- ഹരിയാന അതിർത്തിയിൽ സൈന്യം തകർത്തു. ജമ്മുകശ്മീരിലെ ദാൽ തടാകത്തിനു സമീപം ഉഗ്ര ശബ്ദത്തോടെ മിസൈൽ പതിച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു.
പഞ്ചാബിലെ വ്യോമ താവളം ലക്ഷ്യമാക്കി എത്തിയ അഫ്ഗാന്‍റെ ഫത്താൻ മിസൈലുകളെയും സൈന്യം തകർത്തു. ജമ്മുകശ്മീരിലെ രജൗരിയിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ അഡീഷണൽ ഡിസി ഥാപ്പയാണ് വീരമൃത്യു വരിച്ചത്. പാകിസ്താന്‍റെ ആക്രമണത്തെ തടയാൻ ഇന്ത്യയുടെ കവാച് സംവിധാനം സുസജ്ജമാണെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.