പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഔദ്യോഗികമായി സ്ഥിരീകരിച്ചു
ആക്രമണം പൂർണ്ണ തോതിൽ ചെറുക്കും. ശക്തമായ തിരിച്ചടി നൽകാൻ സേനകൾക്ക് നിർദേശം നൽകിയെന്നും വിക്രം മിസ്രി
ന്യൂഡൽഹി: പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇന്ത്യ. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
രാത്രി പതിനൊന്ന് മണിയോടെയാണ് വാർത്താസമ്മേളനം വിളിച്ച് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വെടിനിർത്തൽ കരാർ ലംഘനത്തിന്, പാകിസ്താനോട് വിശദീകരണം തേടും. ആക്രമണം പൂർണ്ണ തോതിൽ ചെറുക്കും. ശക്തമായ തിരിച്ചടി നൽകാൻ സേനകൾക്ക് നിർദേശം നൽകിയെന്നും വിക്രം മിസ്രി വ്യക്തമാക്കി.
ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയാണ് വ്യക്തമാക്കിയത്. വെടിനിർത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമർ അബ്ദുല്ല ചോദിച്ചു. വെടിനിർത്തൽ ലംഘനത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.
ഇന്ന് വൈകുന്നേരമായിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. വൈകുന്നേരം അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം.