Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തും.
വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 3.35-ന് പാകിസ്താന്റെ ഡയറക്ടേഴ്‌സ് ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ ബന്ധപ്പെട്ടു. കര, വ്യോമ, നാവിക മാർഗങ്ങളിൽ വെടിനിർത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. ആറ് മണിക്ക് വിളിച്ച വാർത്താ സമ്മേളനം ഒരു മിനിറ്റിൽ താഴെ മാത്രമാണ് നീണ്ടുനിന്നത്. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്താൻ്റെ ഡിജിഎംഒ ഇന്ത്യയെ ബന്ധപ്പെട്ടു.
വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയുമായി കൂടി കാഴ്ച നടത്തി. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട് തുടരുമെന്ന് എസ്. ജയ്‌ശങ്കർ എക്‌സിൽ കുറിച്ചു.
ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിർത്തൽ സംബന്ധിച്ചുള്ള സ്ഥിരീകരണം ഇരു രാജ്യങ്ങളും നടത്തിയത്. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്നാണ് ട്രംപ് എക്സിൽ കുറിച്ചത്.