കൊടും ചൂട്: രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് മരിച്ചത് 34,000-ത്തിലധികം ആളുകളെന്ന് പഠനം
കടുത്ത ചൂടിനൊപ്പം കൊടും തണുപ്പും നിരവധി മരണങ്ങൾക്ക് കാരണമായി
ന്യൂ ഡൽഹി: രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് കഠിനമായ ചൂട് മൂലം മരിച്ചത് 34,000-ത്തിലധികം ആളുകളെന്ന് പഠനം. കടുത്ത ചൂടിനൊപ്പം കൊടും തണുപ്പും നിരവധി മരണങ്ങൾക്ക് കാരണമായി. 2001 മുതൽ 2019 വരെയുള്ള വർഷങ്ങളിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെയും (IMD) നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും (NCRB) ഡാറ്റ പരിശോധിച്ചാണ് ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പഠനം നടത്തിയത്.
കടുത്ത താപനിലയിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ടെമ്പറേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ സർക്കാരിനോട് ആവശ്യപ്പെട്ടു. 2001 മുതൽ 2019 വരെയുള്ള കാലയളവിൽ 19,693 പേർ ഉഷ്ണാഘാതം മൂലം മരിച്ചപ്പോൾ, 15,197 പേർ തണുപ്പ് കൂടിയത് മൂലം മരിച്ചു.
ചില സംസ്ഥാനങ്ങളിൽ മറ്റുള്ളവയേക്കാൾ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി പഠനം ചൂണ്ടിക്കാട്ടുന്നു. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശ്, പഞ്ചാബ്, ബീഹാർ എന്നീ സംസ്ഥാനങ്ങളെയാണ് തണുപ്പ് ഏറ്റവും കൂടുതൽ ബാധിച്ചത്. ദീർഘനേരം ചൂടിൽ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന പുരുഷന്മാരാണ് മരിച്ചവരിൽ അധികവും.
കനത്ത ചൂട് കാലത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയും ഉഷ്ണതരംഗങ്ങളുടെ എണ്ണവും വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.