ഇന്ത്യക്ക് തിരിച്ചടിക്കാനുള്ള അവകാശമുണ്ട്, പാകിസ്താൻ ഭീകരരുടെ കേന്ദ്രം: ധ്രുവ് റാഠി
ലണ്ടനിൽ 'ട്രൂത്ത് ടെല്ലേഴ്സ്' സമ്മിറ്റിന്റെ ഭാഗമായി നടന്ന ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു ധ്രുവ് റാഠി
ലണ്ടൻ: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന് പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. പാകിസ്താൻ ഭീകരരുടെ താവളമാണെന്നും ഒരിക്കൽ ഉസാമ ബിൻ ലാദന് പോലും താവളമൊരുക്കിയ രാജ്യമാണെന്നും ധ്രുവ് പറഞ്ഞു. ലണ്ടനിൽ 'ട്രൂത്ത് ടെല്ലേഴ്സ്' സമ്മിറ്റിന്റെ ഭാഗമായി നടന്ന ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു ധ്രുവ്.
ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ, ഇന്ത്യയുടെ പ്രതികാരനടപടികളും ഭീകരാക്രമണങ്ങളുടെ ചരിത്രവും ധ്രുവ് വിശദീകരിച്ചു. ഇന്ത്യയുടെ പ്രതികാരനടപടികൾ ഭീകര കേന്ദ്രങ്ങളെ കൃത്യമായി ലക്ഷ്യം വെച്ച് ചെയ്തതുമാണെന്ന് ചൂണ്ടിക്കാട്ടി. 'ഇന്ത്യ ശ്രദ്ധയോടെ പ്രവർത്തിച്ചു. ഇത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതും ഫോക്കസ് ചെയ്തതുമായ ആക്രമണങ്ങളാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്ര സഭയുടെ ഭീകര ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളുടെ ബന്ധുക്കളാണ് പാകിസ്താനിൽ കൊല്ലപ്പെട്ടതെന്നും ധ്രുവ് ഓർമപ്പെടുത്തി. ഇന്ത്യ പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ യുദ്ധങ്ങൾക്ക് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടി അത്തരം മാധ്യമങ്ങളെ ബ്ലോക്ക് ചെയ്യണം എന്ന് പറഞ്ഞതിന് പിന്നാലെയാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.