Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: പാകിസ്താന്റെ വ്യാജ പ്രചാരണം പൂർണ്ണമായി തള്ളി പ്രതിരോധ മന്ത്രാലയം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാൻ പ്രകോപനം തുടങ്ങിയതെന്നും ഇന്ത്യന്‍ സേന മുസ്‌ലിം പള്ളികള്‍ അക്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ എയർ സ്റ്റേഷൻ അക്രമിച്ചെന്ന വാർത്ത തെറ്റാണ്. ഇന്ത്യയുടെ അഖണ്ഡതയും, പരമാധികാരവും സംരക്ഷിക്കാൻ സൈന്യം സജ്ജരാണ്. ഇന്ത്യ പ്രതികരിച്ചത് സംയമനത്തോടെയായിരുന്നു. S-400 ബ്രഹ്മോസ് മിസൈൽ സംവിധാനം തകർത്തെന്ന പാക് വാദം തെറ്റാണ്. ഇന്ത്യൻ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണ് സേന. ഭീകരവാദ കേന്ദ്രങ്ങൾ മാത്രമേ സൈന്യം ആക്രമിച്ചിട്ടുള്ളൂ. ഒരു മതത്തിന്റെയും ആരാധനാലയത്തിൽ സൈന്യം ആക്രമണം നടത്തിയിട്ടില്ല. പാകിസ്താന്റെ പ്രകോപനത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യ നൽകിയതെന്നും പ്രതിരോധ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിലായി. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തും.