Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലശ്‍കറെ ത്വയ്യിബ ഭീകരൻ അബൂ ജന്ദാൽ, ജയ്ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന്റെ ബന്ധു യൂസുഫ് അസ്ഹർ എന്നിവർകൊല്ലപ്പെട്ടെന്ന് പിടിഐ, എഎൻഐ ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യക്കെതിരായ ഏതൊരു ഭീകരപ്രവർത്തനത്തെയും യുദ്ധമായി കണക്കാക്കുമെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.
പാക് സൈന്യത്തിന്റെ ഒട്ടേറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തീവ്രവാദ ലോഞ്ച്പാഡുകൾ തകർത്തതായി സൈന്യം സ്ഥിരീകരിച്ചു. ഡാൽ തടാകത്തിനു സമീപം മിസൈൽ പതിച്ചെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ ജയ് സാൽമീറിൽ കണ്ടെത്തിയ പാക് മിസൈൽ സൈന്യം നിർവീര്യമാക്കി.
കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിക്കുകയാണ്. കശ്മീരിലെ കോളജുകളിൽ നിന്ന് കൂടുതൽ വിദ്യാർഥികൾ തിരികെ അവരുടെ നാടുകളിലേക്ക് യാത്ര തിരിച്ചു. ശ്രീനഗറിലെ ഷാലിമാർ കോളജിൽനിന്ന് 14 അംഗ മലയാളി വിദ്യാർഥികൾ ഇപ്പോൾ ജമ്മുവിലേക്ക് യാത്ര ചെയ്യുകയാണ്. ജമ്മുവിൽ എത്തിയാൽ കേരളത്തിലേക്ക് മടങ്ങിയെത്താൻ സംസ്ഥാന സർക്കാർ സൗകര്യം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗം ചേർന്നു. യോഗത്തിൽ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സംഘർഷം ലഘൂകരിക്കാൻ വിദേശരാജ്യങ്ങൾ ആവശ്യപ്പെട്ടു.