'ഞാൻ ഒരു എൻജിനീയർ ആയതുകൊണ്ട് അവർ എന്നെ ബോംബ് വിദഗ്ധനായി ചിത്രീകരിച്ചു'; മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനായ സാജിദ് അൻസാരി
താൻ ജയിലിലായിരുന്നപ്പോൾ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പതിനെട്ടര വർഷം മകളെ കാണാൻ കഴിഞ്ഞില്ല. ഇതിനിടെ ഉമ്മയും സഹോദരിയും മരിച്ചു. അവരുടെ മയ്യിത്ത് നിസ്കാരത്തിന് ഏതാനും മണിക്കുറുകൾ മാത്രമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാനായത്.
ന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട 12 പേരെ പതിനെട്ടര വർഷത്തിന് ശേഷം ഈ മാസം 21നാണ് ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. ഇതിൽ അഞ്ചുപേർക്ക് വിചാരണക്കോടതി വധശിക്ഷയും ഏഴുപേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുഴുവനാളുകളെയും കുറ്റവിമുക്തരാക്കിയത്.
2006 ജൂലൈ 11നാണ് മുംബൈയുടെ വിവിധ ഭാഗത്ത് ലോക്കൽ ട്രെയിനുകളിൽ സ്‌ഫോടനമുണ്ടായത്. 2015ലാണ് വിചാരണക്കോടതി 12 പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കാര്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വാഹിദ് ശൈഖ് എന്നയാളെ കോടതി വെറുതെവിട്ടു.
വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ മീര റോഡ് നിവാസിയായ 48കാരനായ സാജിദ് അൻസാരിയും ഉൾപ്പെടുന്നു. ''ഞാൻ ഒരു ഇലക്ട്രിക്കൽ എൻജിനീയറാണ്. ആ കാരണംകൊണ്ട് എടിഎസ് എനിക്കുമേൽ കുറ്റം ചുമത്തി. അത് അറസ്റ്റിലേക്ക് നയിച്ചു''- ദി വയറിന് നൽകിയ അഭിമുഖത്തിൽ സാജിദ് പറഞ്ഞു.
പതിനെട്ടര വർഷം നീണ്ട തന്റെ ജയിൽവാസത്തിനിടെ മാതാവും രണ്ട് സഹോദരിമാരും മരിച്ചു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. തന്റെ കുടുംബത്തിന് ഏറ്റവും ആവശ്യമുള്ള സമയത്ത് താൻ ജയിലിലായിരുന്നു. ജയിലിലായി മൂന്ന് മാസത്തിന് ശേഷം ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
പതിനെട്ടര വർഷം മകളെ കാണാൻ കഴിഞ്ഞില്ല. നീണ്ട ജയിൽവാസത്തിനിടെ രണ്ട് തവണ മാത്രമേ പുറത്തിറങ്ങാൻ അനുമതി ലഭിച്ചുള്ളൂ. അതും ഏതാനും മണിക്കൂറുകൾ മാത്രം. ഒരിക്കൽ മാതാവിനെയും മറ്റൊരിക്കൽ സഹോദരിയുടെയും ഖബറടക്കത്തിനായിരുന്നു അത്.
താൻ ജയിലിലായിരുന്ന കാലയളവ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ കടുത്ത തോതിൽ ബാധിച്ചു. തനിക്ക് രണ്ട് സഹോദരൻമാരുണ്ട്. ഇരുവരും കുടുംബത്തിന് വേണ്ടി കൂടി പണിയെടുത്തു. ഒരു സഹോദരൻ ഉപജീവനത്തിനായി ഇറങ്ങിയപ്പോൾ മറ്റൊരാൾ പൂർണമായും തന്റെ കേസ് നടത്തിപ്പിൽ മുഴുകി.
മുഴുവൻ കേസും പൊലീസ് കെട്ടിച്ചമച്ചതായിരുന്നു. താൻ ഇലക്ട്രിക് എൻജിനീയർ ആയതുകൊണ്ടാണ് പൊലീസ് കുടുക്കാൻ ശ്രമിച്ചതെന്ന് സാജിദ് ആരോപിച്ചു. വിട്ടീൽ നിന്ന് ചില ഇലക്ട്രിക് സാധനങ്ങൾ പിടിച്ചെടുത്തു. ബോംബുകളും സ്‌ഫോടക വസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധനായി ചിത്രീകരിക്കാനും ശ്രമം നടന്നു. എന്നാൽ നീതിയിൽ അധിഷ്ഠിതമായ ഒരു തീരുമാനമാണ് കോടതി സ്വീകരിച്ചതെന്ന് സാജിദ് പറഞ്ഞു.
പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌തെങ്കിലും കുറ്റവിമുക്തരാക്കപ്പെട്ടവർ ജയിലിലേക്ക് തിരിച്ചുപോകേണ്ടതില്ല എന്നാണ് കോടതി പറഞ്ഞത്. ഹൈക്കോടതി എല്ലാ പ്രതികൾക്കും ആശ്വാസം നൽകിയത് പോലെ സുപ്രിംകോടതിയും നീതിയുടെ വസ്തുതാപരമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ വിധി പുറപ്പെടുവിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സാജിദ്.
ജയിലിലായിരിക്കുമ്പോഴാണ് സാജിദ് നിയമം പഠിക്കാൻ തുടങ്ങിയത്. ഇപ്പോൾ അവസാന വർഷ വിദ്യാർഥിയാണ്. യഥാർഥ കുറ്റവാളികളെ മറച്ചുവെക്കാൻ വേണ്ടിയാണ് ഭരണകൂടം നിരപരാധികളെ ലക്ഷ്യമിടുന്നത് എന്നാണ് സാജിദ് പറയുന്നത്.
''ഞാൻ ഒരു മുസ്‌ലിം ആയതുകൊണ്ടും മുസ്‌ലിംകളോടുള്ള സർക്കാരിന്റെ ഉദ്ദേശ്യങ്ങൾ പ്രകടമായതിനാലുമാണ് എന്നെ ലക്ഷ്യംവെച്ചത്. ജയിലിൽ ഞങ്ങൾ വിവിധ മുസ്‌ലിം വിരുദ്ധ, ഇസ്‌ലാമിക വിരുദ്ധ അധിക്ഷേപങ്ങൾക്ക് വിധേയരായി. ചോദ്യം ചെയ്യലുകൾക്കിടെ പീഡനങ്ങൾ നേരിട്ടു. എങ്കിലും, ഇന്ത്യൻ ജുഡീഷ്യറിയിൽ ഞാൻ ഇപ്പോഴും പ്രതീക്ഷ നിലനിർത്തുന്നു. അതിനോടുള്ള എന്റെ വിശ്വാസം അചഞ്ചലമായി തുടരുന്നു''- സാജിദ് പറഞ്ഞു.