സിപിഎമ്മിന് 18 അംഗ പിബി; എട്ട് പുതുമുഖങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് അനുവദിച്ചത്
മധുര: 75 വയസ്സ് പിന്നിട്ട നേതാക്കളെ ഒഴിവാക്കി സിപിഎമ്മിന് പുതിയ 18 അംഗം പോളിറ്റ്ബ്യൂറോ. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് അനുവദിച്ചത്. മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പിബി കോഡിനേറ്ററുമായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണൻ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയിൽ നിന്ന് ഒഴിവാക്കിയത്.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിസാൻ സഭ ജനറൽ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും ആർ. അരുൺകുമാറും അടക്കം എട്ടുപേർ പുതുതായി പിബിയിൽ എത്തി. അരുൺ കുമാർ ആന്ധ്രയിൽ നിന്നുള്ള നേതാവാണ്. വനിതാ പ്രതിനിധികളായ സുഭാഷിണി അലിയും ബൃന്ദാ കാരാട്ടും പുറത്തുപോകുന്ന പശ്ചാത്തലത്തിൽ യു. വാസുകിയും മറിയം ധാവ്‌ളെയും പിബിയിൽ എത്തി.
തമിഴ്‌നാട്ടിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമാണ് യു. വാസുകി. മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മറിയം മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയാണ്. കെ. ബാലകൃഷ്ണൻ (തമിഴ്‌നാട്), അമ്രറാം (രാജസ്ഥാൻ), ജിതേന്ദ്ര ചൗധരി (ത്രിപുര), ശ്രീദിപ് ഭട്ടാചാര്യ (ബംഗാൾ) എന്നിവരാണ് മറ്റ് പുതിയ പിബി അംഗങ്ങൾ.
പിബി അംഗങ്ങൾ
- എം.എ ബേബി
- മുഹമ്മദ് സലിം
- പിണറായി വിജയൻ
- ബി.വി രാഘവലു
- തപൻ സെൻ
- നീലോത്പൽ ബസു
- രാമചന്ദ്ര ഡോം
- എ. വിജയരാഘവൻ
- അശോക് ധാവ്‌ളെ
- എം.വി ഗോവിന്ദൻ
- യു. വാസുകി
- വിജു കൃഷ്ണൻ
- ആർ. അരുൺകുമാർ
- മറിയം ധാവ്‌ളെ
- ജിതേൻ ചൗധരി
- ശ്രീദീപ് ഭട്ടാചാര്യ
- അമ്രാ റാം
- കെ. ബാലകൃഷ്ണൻ