'ഇൻഡ്യ'ക്ക് എന്ത് സംഭവിച്ചു? അപ്രത്യക്ഷമായോ? കോൺഗ്രസിനെതിരെ ഉദ്ധവ് വിഭാഗം ശിവസേന
ഗുജറാത്ത്, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മത്സരിക്കാനാണു കോൺഗ്രസിന്റെ തീരുമാനമെങ്കിൽ തകർച്ചയായിരിക്കും ഫലമെന്ന മുന്നറിയിപ്പും സാംന നല്‍കുന്നു
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം 'ഇന്‍ഡ്യ' സഖ്യം അപ്രത്യക്ഷമായോ എന്നതിന് കോൺഗ്രസ് മറുപടി പറയണമെന്ന് ശിവസേനാ (ഉദ്ധവ്) വിഭാഗം മുഖപത്രമായ സാമ്ന. ശനിയാഴ്ചത്തെ എഡിറ്റോറിയലിലാണ് സാമ്നയുടെ വിമര്‍ശനം.
അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിൽ ആ ചോദ്യത്തിന് ഉത്തരം നൽകണമായിരുന്നുവെന്നും സാമ്ന എഴുതി. ഗുജറാത്ത്, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനമെങ്കിൽ തകർച്ചയായിരിക്കും ഫലമെന്ന മുന്നറിയിപ്പും സാമ്ന നൽകുന്നു.
അഹമ്മദാബാദ് യോഗത്തിൽ കോൺഗ്രസ് സ്വയം നന്നാവുന്നതിനെക്കുറിച്ച് മാത്രമേ സംസാരിച്ചുള്ളൂവെന്നും 'ഇന്‍ഡ്യ'യെക്കുറിച്ചോ നിലവിലെ രാജ്യത്തെ അവസ്ഥയെക്കുറിച്ചോ ചർച്ചയിൽ ഉണ്ടായില്ലെന്നും സാമ്ന ചൂണ്ടിക്കാണിക്കുന്നു.
'ഇന്‍ഡ്യ' സഖ്യത്തിന് എന്ത് സംഭവിച്ചു? അത് മണ്ണിൽ കുഴിച്ചുമൂടിയോ അതോ അപ്രത്യക്ഷമായോ? ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ട ഉത്തരവാദിത്തം കോൺഗ്രസ് പ്രസിഡന്റിനാണ്, വരും തെരഞ്ഞെടുപ്പുകളിലും 'ഇന്‍ഡ്യ' സഖ്യത്തിലെ സഹപാർട്ടികൾക്കെതിരെ മത്സരിച്ച് നേട്ടം കൊയ്യാനാണു കോൺഗ്രസ് ശ്രമിക്കുന്നതെങ്കിൽ അതു ബിജെപിക്കു മാത്രമാണ് ഗുണം ചെയ്യുക. ബിജെപിക്കെതിരായ പോരാട്ടത്തിനു നേതൃത്വം നൽകേണ്ടത് കോൺഗ്രസാണ്, ഡല്‍ഹിയില്‍ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ് നിലപാട് ചൂണ്ടിക്കാട്ടി സാമ്ന വ്യക്തമാക്കി.
ഏപ്രിൽ 8-9 തീയതികളിലാണ് കോൺഗ്രസ് സമ്മേളനം ഗുജറാത്തില്‍ നടന്നത്. രണ്ട് പതിറ്റാണ്ടായി അധികാരത്തിന് പുറത്തായിരുന്ന ഗുജറാത്തിലാണ് സമ്മേളനം എന്നതും പ്രത്യേകതയായിരുന്നു.