'ആർട്ടിക്കിൾ 142 ആണവ മിസൈൽ'; ബില്ലുകളിൽ തീരുമാനമെടുക്കാൻ സുപ്രിംകോടതി രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചതിനെതിരെ ഉപരാഷ്ട്രപതി

ഗവർണർ ഫയലുകൾ പിടിച്ചുവെക്കുന്നതിനെതിരായ തമിഴ്നാട് സർക്കാരിന്റെ ഹരജി പരിഗണിക്കവേ, ഭരണഘടനാ സംവിധാനങ്ങൾ ന്യായമായ സമയത്തിനുള്ളിൽ പ്രവർത്തിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു.

Update: 2025-04-18 03:42 GMT
Advertising

ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ്. ജഡ്ജിമാർ നിയമനിർമാണം നടത്തുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യത്തിനായി ഇന്ത്യക്ക് ഇതുവരെ വിലപേശേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ ഇന്റേണുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

സുപ്രിംകോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 142 ജനാധിപത്യത്തിനെതിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിർദേശം നൽകുന്നത്? രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ആളാണ് രാഷ്ട്രപതി. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്തയാളാണ്. അടുത്തിടെ ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിർദേശം നൽകിയിരിക്കുകയാണ്. നമ്മൾ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?-ഉപരാഷ്ട്രപതി ചോദിച്ചു.

സമയബന്ധിതമായി തീരുമാനമെടുക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ അത് നിയമമായി മാറുന്നു. അതിനാൽ നിയമനിർമാണം നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നിർവഹിക്കുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ജഡ്ജിമാർ നമുക്കുണ്ട്. അവർക്ക് രാജ്യത്തിന്റെ നിയമം ബാധകമല്ല. അതിനാൽ തന്നെ അവർക്ക് ആരോടും ഉത്തരവാദിത്തമില്ല. ആർട്ടിക്കിൾ 145(3) പ്രകാരം ഭരണഘടന വ്യാഖ്യാനിക്കുക എന്നതാണ് സുപ്രിംകോടതിക്കുള്ള അവകാശം. അത് അഞ്ചോ അതിലധികമോ ജഡ്ജിമാർ ഉള്ള ബെഞ്ചായിരിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ഗവർണർ ഫയലുകൾ പിടിച്ചുവെക്കുന്നതിനെതിരായ തമിഴ്നാട് സർക്കാരിന്റെ ഹരജി പരിഗണിക്കവേ, ഭരണഘടനാ സംവിധാനങ്ങൾ ന്യായമായ സമയത്തിനുള്ളിൽ പ്രവർത്തിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. ഒരു നിയമത്തിന് കീഴിലുള്ള ഏതെങ്കിലും അധികാരം വിനിയോഗിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ പോലും, അത് ന്യായമായ സമയത്തിനുള്ളിൽ പ്രയോഗിക്കണമെന്നായിരുന്നു കോടതി നിരീക്ഷണം. അത്തരം ബില്ലുകൾക്ക് മറുപടി നൽകുന്നതിൽ രാഷ്ട്രപതിയുടെ കാലതാമസം ജുഡീഷ്യൽ അവലോകനത്തിന് വിധേയമാണെന്നും ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ, സാധുവായ കാരണങ്ങൾ രേഖപ്പെടുത്തി ബന്ധപ്പെട്ട സംസ്ഥാനങ്ങളെ അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News