'തൊഴിലില്ലായ്മയുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല, യുപി സർക്കാറിന്റെ പ്രവർത്തനം അജണ്ടകൾക്കനുസരിച്ച്: അഖിലേഷ് യാദവ്
'' തൊഴിലവസരങ്ങൾ കുറഞ്ഞുവരികയാണ്. ആളുകൾക്ക് അവരുടെ യോഗ്യതകൾക്കനുസരിച്ച് ജോലി കണ്ടെത്താൻ കഴിയുന്നില്ല''
ലക്‌നൗ: യോദി ആദിത്യനാഥ് സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അജണ്ടകള്‍ക്കനുസരിച്ചാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.
മതിയായ തൊഴിലവസരങ്ങൾ നൽകുന്നതിൽ സർക്കാർ പരാജയപ്പെടുന്നുവെന്നും അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സംവരണത്തിന്റെ ആനുകൂല്യം നിഷേധിക്കുന്നുവെന്നും അദ്ദേഹം അഖിലേഷ് പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' തൊഴിലില്ലായ്മയാണ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. അത് പരിഹരിക്കാതെ അജണ്ടകള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ നീങ്ങുന്നത്. തൊഴിലവസരങ്ങൾ കുറഞ്ഞുവരികയാണ്. ആളുകൾക്ക് അവരുടെ യോഗ്യതകൾക്കനുസരിച്ച് ജോലി കണ്ടെത്താൻ കഴിയുന്നില്ല, സർക്കാരിന് മാന്യമായ തൊഴിൽ നൽകാനും കഴിയുന്നില്ല. ബിരുദമുള്ളവരെയും, നല്ല പ്രൊഫഷണൽ കോഴ്‌സുകള്‍ വിജയിച്ചവരെയും ഡെലിവറി ബോയ്‌സാക്കി മാറ്റുകയാണ് ഇവിടെ''- അഖിലേഷ് യാദവ് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍, ഭരണഘടനാ അവകാശങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും സംവരണ നയങ്ങളിൽ കൃത്രിമം കാണിക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു. "ജോലി നൽകാതിരിക്കുക എന്നാൽ സംവരണം നൽകാതിരിക്കുക എന്നാണ്. ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ധാരാളം രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ട്"-അദ്ദേഹം പറഞ്ഞു.