വഖഫ് ഭേഗതി ബില്ലിനെ എതിർക്കണമെന്ന പാർട്ടി തീരുമാനത്തിന് എതിർനിലപാട്; ബിജെഡി എംപിക്കെതിരെ നടപടി വേണമെന്ന് നേതാക്കൾ
ബിജെഡിയുടെ ഏഴ് എംപിമാരിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട രണ്ട് പേരിൽ ഒരാളാണ് ക്രൈസ്തവ സമുദായാംഗമായ സസ്മിത് പത്ര.
ഭുബനേശ്വർ: ഒഡിഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായ്ക് നയിക്കുന്ന ബിജെഡിയിൽ വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി പൊട്ടിത്തെറി. ബില്ലിനെ എതിർക്കണമെന്ന പാർട്ടി മേധാവി നവീൻ പട്നായിക്കിന്റെ നിർദേശത്തിന് വിരുദ്ധമായി രംഗത്തെത്തുകയും മറ്റ് അംഗങ്ങളോട് മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്ത രാജ്യസഭാ പാർലമെന്ററികാര്യ നേതാവും പാർട്ടി വക്താവുമായ സസ്മിത് പത്രയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് മറ്റ് നേതാക്കൾ രംഗത്തെത്തി.
'വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ സമുദായങ്ങളിലെ വിവിധ വിഭാഗങ്ങൾ പ്രകടിപ്പിച്ച വൈവിധ്യമാർന്ന വികാരങ്ങളെ പാർട്ടി ആഴത്തിൽ ബഹുമാനിക്കുന്നു. ഈ വീക്ഷണങ്ങൾ ശ്രദ്ധാപൂർവം പരിഗണിക്കുകയും ബിൽ വോട്ടെടുപ്പിന് വന്നാൽ നീതി, ഐക്യം, എല്ലാ സമുദായങ്ങളുടെയും അവകാശങ്ങൾ എന്നിവയ്ക്കായി അവരവരുടെ മനഃസാക്ഷി പ്രയോഗിക്കാനുള്ള ഉത്തരവാദിത്തം പാർട്ടി രാജ്യസഭയിലെ അംഗങ്ങളെ ഏൽപ്പിച്ചിരിക്കുന്നു. പാർട്ടി വിപ്പ് ഇല്ല'- എന്നായിരുന്നു സസ്മിത് വ്യാഴാഴ്ച വൈകീട്ട് എക്സിൽ പോസ്റ്റ് ചെയ്തത്. ഇതാണ് പാർട്ടിയെ വെട്ടിലാക്കിയത്.
പത്രയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെഡി മുൻ മന്ത്രിയുമായ പ്രതാപ് ജെന പാർട്ടി അധ്യക്ഷൻ നവീൻ പട്നായ്ക്കിന് കത്തയച്ചു. സഭയിലെ പാർട്ടി നിലപാടിലെ ഈ അവസാന നിമിഷ മാറ്റത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ജെന കത്തിൽ ആരോപിച്ചു. ബില്ലിനെ എതിർക്കുമെന്ന പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി, അംഗങ്ങളോട് മനഃസാക്ഷി വോട്ട് ചെയ്യാൻ എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ട സസ്മിത് പത്രയുടെ നിലപാടിനെ ജെന ചോദ്യം ചെയ്തു. തീരുമാനത്തിലെ പെട്ടെന്നുള്ള മാറ്റം എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സസ്മിതിനെതിരെ നടപടിയാവശ്യപ്പെട്ട് പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പ്രഫുല്ല സമലും രംഗത്തെത്തി. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ബിജെഡി രാജ്യസഭാ എംപി ദേബാഷിഷ് സാമന്തരായ്, പാർട്ടി വക്താവിന്റെ നിർദേശത്തെ വിമർശിച്ചു. 'വഖഫ് ബില്ലിനെ പാർട്ടി എതിർക്കുമെന്ന് നമ്മുടെ നേതാവ് പട്നായിക് രണ്ട് തവണ വളരെ കൃത്യമായി പറഞ്ഞതാണ്. എന്നാൽ അവസാന നിമിഷത്തെ ഈ മാറ്റത്തിന് ഉപദേശിച്ചവർ പാർട്ടിയുടെ താത്പര്യത്തിനെതിരായാണ് പ്രവർത്തിച്ചത്'- സാമന്തരായ് പറഞ്ഞു.
ഈ നിലപാട് മാറ്റത്തിൽ സസ്മിതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്നിരിക്കെ അവസാന നിമിഷം വന്ന മാറ്റം പാർട്ടിയെ നാണക്കേടിന്റെ അവസ്ഥയിലാക്കിയെന്നും സാമന്തരായ് പറഞ്ഞു.
അതേസമയം, നവീൻ പട്നായിക്കിന് ജെന എഴുതിയ കത്തിന് മറുപടിയുമായി ബിജെഡി വക്താവ് ലെനിൻ മൊഹന്തി രംഗത്തെത്തി. "നമ്മൾ എക്കാലവും മതേതരത്വത്തെ ബഹുമാനിച്ചുവെന്ന് ഞാൻ കരുതുന്നു. ആ ബഹുമാനം തുടരും. മുസ്‌ലിംകളെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളേയും ഉൾക്കൊള്ളുന്ന ബിജെഡി ഒരു മതേതര പാർട്ടിയാണ്"- അദ്ദേഹം പറഞ്ഞു.
വിവാദം പാർട്ടിക്കുള്ളിൽ വലിയ അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്. ബില്ലിലെ ബിജെഡിയുടെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നിരവധി മുതിർന്ന നേതാക്കൾ വെള്ളിയാഴ്ച നവീൻ പട്നായിക്കിനെ സമീപിച്ചിരുന്നു. നവീനുമായുള്ള കൂടിക്കാഴ്ചയിൽ ബിജെഡി നേതാക്കൾ സസ്മിത്തിനെതിരെ നടപടിയെടുക്കണമെന്നും വിവാദപരമായ നിലപാടിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ, ഈ വിഷയത്തിൽ നവീൻ പട്നായ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെഡിയുടെ ഏഴ് എംപിമാരിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട രണ്ട് പേരിൽ ഒരാളാണ് ക്രൈസ്തവ സമുദായാംഗമായ സസ്മിത് പത്ര. മുസ്‌ലിം സമുദായത്തിൽനിന്നുള്ള മുസീബുല്ല ഖാനാണ് മറ്റൊരാൾ. മുസീബുല്ല ഖാൻ വ്യാഴാഴ്ച രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ ബില്ലിനെതിരെ രംഗത്തുവന്നതിനു പിന്നാലെയായിരുന്നു പാർട്ടി നിലപാടിന് വിരുദ്ധമായ സസ്മിതിന്റെ എക്‌സ് പോസ്റ്റ്.