7/11 മുംബൈ ട്രെയിൻ സ്ഫോടനം; കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരെയും വെറുതെ വിട്ടു

പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ 'പൂർണ്ണമായും പരാജയപ്പെട്ടു' എന്ന് ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതി ബെഞ്ച് പറഞ്ഞു

Update: 2025-07-21 06:49 GMT
Advertising

മുംബൈ: 189 പേർ കൊല്ലപ്പെടും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2006 ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരെയും വെറുതെ വിട്ടു. പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് കോടതിയുടെ വിധി വരുന്നത്. 2015 ലാണ് വിചാരണ കോടതി 12 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തിയത്. അവരിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും വിധിച്ചു.

പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ 'പൂർണ്ണമായും പരാജയപ്പെട്ടു' എന്ന് ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതി ബെഞ്ച് പറഞ്ഞു. 'പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടു. പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതിനാൽ അവരുടെ ശിക്ഷ റദ്ദാക്കുന്നു.' ബെഞ്ച് പറഞ്ഞു. പ്രതികൾ മറ്റ് കേസുകളിൽ ആവശ്യമില്ലെങ്കിൽ അവരെ ജയിലിൽ നിന്ന് മോചിപ്പിക്കാമെന്നും കോടതി പറഞ്ഞു.

കുറ്റപത്രം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാലാണ് കുറ്റവാളികൾക്ക് 'സംശയത്തിന്റെ ആനുകൂല്യം' നൽകിയതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സാക്ഷി മൊഴികളെ കോടതി ചോദ്യം ചെയ്തു. അന്വേഷണത്തിനിടെ കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ, ആയുധങ്ങൾ, ഭൂപടങ്ങൾ എന്നിവ സ്ഫോടനങ്ങളുമായി ബന്ധമില്ലാത്തതായി തോന്നുന്നുവെന്നും കോടതി പറഞ്ഞു. സ്ഫോടനങ്ങളിൽ ഏതുതരം ബോംബുകളാണ് ഉപയോഗിച്ചതെന്ന് തെളിയിക്കാൻ പോലും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

2006 ജൂലൈ 11 ന് 11 മിനിറ്റിനുള്ളിൽ ഏഴ് ബോംബ് സ്ഫോടനങ്ങൾ മുംബൈയിലെ പ്രത്യേക ലോക്കൽ ട്രെയിനുകളിൽ ഉണ്ടായി. റിഗ്ഗഡ് പ്രഷർ കുക്കറുകൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ആദ്യത്തെ സ്ഫോടനം ജോലി കഴിഞ്ഞ് ആളുകൾ മടങ്ങുന്ന തിരക്കേറിയ സമയമായ വൈകുന്നേരം 6.24നും അവസാനത്തേത് വൈകുന്നേരം 6.35നുമാണ് നടന്നത്. ചർച്ച്ഗേറ്റിൽ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിലാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാന്ദർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപമാണ് അവ പൊട്ടിത്തെറിച്ചത്.

2015-ൽ വിചാരണ കോടതി സ്ഫോടനക്കേസിൽ 12 പേരെ കുറ്റക്കാരായി കണ്ടെത്തി. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതി ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമാൽ അൻസാരി, എഹ്തെഷാം സിദ്ദുഖി, നവീദ് ഖാൻ എന്നിവർക്ക് വധശിക്ഷ വിധിച്ചു. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് അലി, ഡോ. തൻവീർ അൻസാരി, മജിദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമീർ ഷെയ്ഖ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഹൈക്കോടതിയുടെ ഇന്നത്തെ വിധിയോടെ 12 പ്രതികളും സ്വതന്ത്രരാകും. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News