യുപിയിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ മദ്രസകളും പള്ളികളും പൊളിച്ചുനീക്കി; നടപടി സർക്കാർ ഭൂമിയിലെ കയ്യേറ്റം ആരോപിച്ച്

സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

Update: 2025-04-28 02:55 GMT
Editor : rishad | By : Web Desk
Advertising

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ സർക്കാർ ഭൂമിയിൽ നിന്നും മദ്രസകളും പള്ളികളും പൊളിച്ചുനീക്കി. കയ്യേറ്റമെന്നാരോപിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി. ഉത്തർപ്രദേശിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 15 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന 20 പള്ളികളും മദ്രസകളുമാണ് പൊളിച്ചുനീക്കിയത്.

അതേസമയം സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഏപ്രിൽ 25 മുതല്‍ 27 വരെയായിരുന്നു നടപടി. 

ബഹ്‌റൈച്ച്, ശ്രാവസ്തി, സിദ്ധാർത്ഥ്‌നഗർ, മഹാരാജ്ഗഞ്ച്, ബൽറാംപൂർ, ലഖിംപൂർ ഖേരി ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ നൂറുകണക്കിന് കയ്യേറ്റങ്ങൾ റവന്യൂ കോഡിലെ സെക്ഷൻ 67 പ്രകാരം നീക്കം ചെയ്തതായാണ് സംസ്ഥാന സർക്കാർ ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിക്കുന്നത്. ഇതില്‍‌ അംഗീകാരമില്ലാത്ത മദ്രസകള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ പറയുന്നു.

സിദ്ധാർത്ഥ്‌നഗർ ജില്ലയിലെ നൗഗഡ് തഹസിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ചെന്നാരോപിച്ച് ഒരു പള്ളിയും മദ്രസയും ഉൾപ്പെടെ അഞ്ച് നിർമ്മിതികളാണ് പൊളിച്ചുനീക്കിയത്. ജില്ലയിലെ ഷൊഹ്രത്ഗഢ് തഹ്‌സിലിൽ ആറ് സ്ഥലങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തിയതായും അധികൃതര്‍ ആരോപിക്കുന്നു. മഹാരാജ്ഗഞ്ച് ജില്ലയിലെ ഒരു കേസ് കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും ബാക്കിയുള്ളവയിൽ ഒഴിപ്പിക്കൽ, പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ പറയുന്നു. 

അതേസമയം 'കയ്യേറ്റങ്ങൾ' വേഗത്തിൽ നീക്കംചെയ്യാനും അതിർത്തി പ്രദേശങ്ങളിൽ തുടർച്ചയായ നിരീക്ഷണം നടത്താനും ഉദ്യോഗസ്ഥർക്ക് സര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News