നേപ്പാൾ മഹാപ്രളയം; റസുവയിൽ യുഎഇയുടെ രക്ഷാപ്രവർത്തന സംഘം തിരച്ചിൽ ആരംഭിച്ചു
വ്യോമ സർവേകൾക്കായി ഡ്രോണുകൾ വിന്യസിച്ചു
ദുബൈ: വിനാശകരമായ മഹാപ്രളയത്തിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നേപ്പാളിലെത്തിയ യുഎഇയുടെ പ്രത്യേക രക്ഷാപ്രവർത്തന സംഘം തങ്ങളുടെ ഫീൽഡ് ഓപ്പറേഷനുകൾ ആരംഭിച്ചു. നേപ്പാളിലെ റസുവയിലാണ് സംഘം നിലവിൽ തിരച്ചിൽ നടത്തുന്നത്. നേപ്പാളിലെ ബന്ധപ്പെട്ട അധികാരികളുമായി നേരിട്ട് ഏകോപിപ്പിച്ച് മേഖലയിലെ ദുരന്തബാധിത പ്രദേശങ്ങളിൽ അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് തിരച്ചിലും ഫീൽഡ് സർവേകളും പുരോഗമിക്കുന്നത്.
ഇതിനുപുറമേ, വ്യോമ സർവേകൾക്കും ഫോട്ടോഗ്രാഫിക്കും 3D മാപ്പുകൾ നിർമിക്കുന്നതിനുമായി ഡ്രോണുകളും സംഘം വിന്യസിച്ചിട്ടുണ്ട്. ദുരന്തബാധിത മേഖലകളിലേക്ക് പ്രവേശനം എളുപ്പമാക്കാനും തിരച്ചിൽ നടത്തേണ്ട പ്രധാന സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനും ഈ സാങ്കേതികവിദ്യകൾ സഹായിക്കും. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ലഭ്യമായതെല്ലാം പ്രയോജനപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് യുഎഇ റിലീഫ് ഓപ്പറേഷൻസ് ഡയറക്ടർ ഹമൂദ് അൽ അഫാരി പറഞ്ഞു.
ഫീൽഡ് ഓപ്പറേഷൻ ആരംഭിച്ചത് മുതൽ, ദുരന്തബാധിത പ്രദേശങ്ങളിലെ തടസ്സങ്ങൾ തരണം ചെയ്യാനും തുടർച്ചയായ ആശ്വാസ നടപടികൾ എത്തിക്കാനും യുഎഇ സംഘത്തിന് സാധിച്ചിട്ടുണ്ട്. പ്രളയത്തിലും ഉരുൾപൊട്ടലിലും അടിസ്ഥാന സൗകര്യങ്ങളും വീടുകളും നശിപ്പിക്കപ്പെട്ട ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൾ നിലനിൽക്കെത്തന്നെയാണ് ഈ സഹായ ദൗത്യം മുന്നോട്ട് പോകുന്നത്. ഇതിനൊപ്പം തന്നെ നേപ്പാളിനുള്ള യുഎഇയുടെ ദുരിതാശ്വാസ സഹായ വിതരണവും തുടരുന്നുണ്ട്.