Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദുബൈ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു. യു.എ.ഇയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സഹകരണവും അവലോകനം ചെയ്തു. പൊതു താൽപര്യമുള്ള വിവിധ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിലും നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.