ഗായകൻ നിസാർ വയനാടിന് കണ്ണീരോടെ വിട; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഇന്നലെ വൈകുന്നേരമാണ് ദുബൈ മൻഖുലയിലെ സ്വകാര്യ ആശുപത്രിയിൽ നിസാർ വയനാട് അന്തരിച്ചത്
Update: 2026-09-06 03:28 GMT
ദുബൈ: ദുബൈയിൽ അന്തരിച്ച ഗായകൻ നിസാർ വയനാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. രാവിലെ 11.05ന് ഷാർജ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം കണ്ണൂരിലെത്തിക്കും. വൈകുന്നേരം 4.30നാണ് വിമാനം കണ്ണൂരിലെത്തുക.
ഇന്ന് പുലർച്ചെ ദുബൈ മുഹൈസിനിലെ എംബാമിങ് സെന്ററിൽ നൂറുകണക്കിന് പേരാണ് നിസാർ വയനാടിന് അന്തിമോപചാരം അർപ്പിക്കാനും മയ്യത്ത് നമസ്കാരത്തിൽ പങ്കെടുക്കാനുമായി എത്തിയത്.
ഇന്നലെ വൈകുന്നേരമാണ് ദുബൈ മൻഖുലയിലെ സ്വകാര്യ ആശുപത്രിയിൽ നിസാർ വയനാട് അന്തരിച്ചത്. രക്തത്തിൽ അമ്ലാംശം വർധിക്കുന്ന ആസിഡോസിസ് എന്ന അവസ്ഥയാണ് മരണകാരണമെന്ന് ഡെത്ത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കാരവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കും.