അജ്മാനിലെ ശൈഖ് ഹുമൈദിന്റെ ഭരണത്തിന് നാളെ 45 ന്റെ തിളക്കം
1981 സെപ്റ്റംബർ ആറിനാണ് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അധികാരമേറ്റത്
അജ്മാൻ: സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി എമിറേറ്റിന്റെ നേതൃത്വം ഏറ്റെടുത്തതിന്റെ 45-ാം വാർഷികം നാളെ. 1981 സെപ്റ്റംബർ ആറിനാണ് ശൈഖ് ഹുമൈദ് അധികാരമേറ്റത്. പരേതനായ പിതാവ് ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ പിൻഗാമിയായാണ് ഭരണം ഏറ്റെടുത്ത്. 1960 ൽ കിരീടാവകാശിയായി നിയമിതനായ അദ്ദേഹം വർഷങ്ങളോളം സർക്കാരിലും ഭരണത്തിലും പിതാവിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു.
1968 മുതൽ യുഎഇയുടെ രൂപീകരണ ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. സ്ഥാപക ഭരണാധികാരികളിൽ ഒരാളായ തന്റെ പിതാവിനെ അനുഗമിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്തു.
ഭരണമേറ്റെടുത്ത ശേഷം പതിറ്റാണ്ടുകൾ അജ്മാന്റെ വികസനത്തിന് ശൈഖ് ഹുമൈദ് നേതൃത്വം നൽകി. എമിറേറ്റിലെ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, സമ്പദ്വ്യവസ്ഥ, പൊതു സേവനങ്ങൾ എന്നിവ വികസിപ്പിച്ച കാലഘട്ടമാണിത്. എമിറേറ്റിൽ നിരവധി വികസനങ്ങളാണ് കൊണ്ടുവന്നത്. 1960 ൽ അജ്മാനിലെ ആദ്യത്തെ പെൺകുട്ടികൾക്കുള്ള സ്‌കൂൾ ആരംഭിച്ചു. പിന്നീട് അജ്മാൻ യൂണിവേഴ്‌സിറ്റിയായ അജ്മാൻ യൂണിവേഴ്‌സിറ്റി കോളേജിന് പിന്തുണ നൽകിയതും ഇദ്ദേഹമായിരുന്നു.
എമിറേറ്റിൽ ജനസംഖ്യക്കും സാമ്പത്തിക വളർച്ചക്കും അനുസൃതമായി പുതിയ റോഡുകൾ, പാലങ്ങൾ, പൊതുഗതാഗതം, പാർക്കുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൊണ്ടുവന്നു. അജ്മാൻ തുറമുഖവും ടൂറിസവും റിയൽ എസ്റ്റേറ്റും വികസിച്ചു.