സൗദിയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ; നിയമനം മൂന്ന് വർഷത്തേക്ക്

നിലവിൽ ഖത്തറിലെ ഇന്ത്യൻ അംബാസിഡറാണ്

Update: 2026-06-02 15:46 GMT

റിയാദ്: സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡറെ നിയമിച്ചു. നിലവിൽ ഖത്തറിലെ ഇന്ത്യൻ അംബാസിഡറായ വിപുലാണ് സൗദിയിലേക്കുള്ള പുതിയ സ്ഥാനപതി. നിലവിലെ അംബാസിഡറായ സുഹൈൽ അജാസ് ഖാൻ സ്ഥാനമൊഴിയുന്നതോടെ വിപുൽ ചുമതലയേൽക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം.

മധ്യപ്രദേശ് സ്വദേശിയായ ഡോ. സുഹൈൽ അജാസ് ഖാനാണ് 2023 മുതൽ റിയാദ് എംബസിയിലെ ഇന്ത്യൻ അംബാസിഡർ. ഇദ്ദേഹം മൂന്നു വർഷ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വൈകിട്ടാണ് പുതിയ ഇന്ത്യൻ അംബാസിഡറെ പ്രഖ്യാപിച്ചത്. ബീഹാർ സ്വദേശിയാണ് പുതുതായെത്തുന്ന ഇന്ത്യൻ സ്ഥാനപതി. ഇദ്ദേഹം ഉടൻ തന്നെ റിയാദിലെത്തി ചുമതലയേൽക്കും.

Advertising
Advertising

1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് വിപുൽ. ഈജിപ്ത്, ശ്രീലങ്ക, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഡയറക്ടർ, ജോയിൻറ് സെക്രട്ടറി പദവികളിലുണ്ടായിരുന്നു. തുടർന്ന് 2017 മുതൽ 2020 വരെ ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറലായും അദ്ദേഹം പ്രവർത്തിച്ചു. 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ഗൾഫിന്റെ ചുമതലയുള്ള ജോയിൻറ് സെക്രട്ടറിയുമായി. ഇതിനുശേഷമാണ് 2023 ആഗസ്റ്റ് 17-ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത്. 1994-ൽ ഡൽഹി ഐ.ഐ.ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ വിപുൽ, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എ ബിരുദവും നേടിയിരുന്നു. രാഷ്ട്രീയം, വാണിജ്യം, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News