ആദ്യ ഡ്രീംലൈനർ പുറത്തിറക്കി റിയാദ് എയർ; 5 നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ

റിയാദ് എയറിന്റെ ആദ്യ സർവീസ് ലണ്ടനിലേക്ക് ജൂൺ 10 മുതൽ

Update: 2026-06-08 08:47 GMT

റിയാദ്: സൗദി അറേബ്യയെ ലോകത്തിന്റെ വ്യോമയാന ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആദ്യ ഡ്രീംലൈനർ പുറത്തിറക്കി റിയാദ് എയർ. കമ്പനിയുടെ ഭാവി ഫ്ലീറ്റിന്റെ കരുത്തായ അത്യാധുനിക ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ചരിത്രപരമായ ഉദ്ഘാടനമാണ് ഉന്നത ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ റിയാദിൽ നടന്നത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (PIF) ഗവർണറും റിയാദ് എയർ ചെയർമാനുമായ യാസിർ അൽ റുമയ്യൻ, സി.ഇ.ഒ ടോണി ഡഗ്ലസ് എന്നിവരും മറ്റു ഉദ്യോ​ഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് തങ്ങളുടെ ആഭ്യന്തര-അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കായി 5 പുതിയ സർവീസുകളും റിയാദ് എയർ പ്രഖ്യാപിച്ചു. കെയ്റോ, ദുബൈ, ജിദ്ദ, മാഡ്രിഡ്, മാഞ്ചസ്റ്റർ എന്നിവയാണ് പുതിയ റൂട്ടുകൾ.

Advertising
Advertising

ജിദ്ദയിലേക്കുള്ള ആദ്യ സർവീസ് ജൂൺ 14-ന് ആരംഭിക്കും. ദുബൈയിലേക്ക് ജൂൺ 18 മുതലും കെയ്റോയിലേക്ക് ജൂൺ 25 മുതലും വിമാനങ്ങൾ പറന്നുയരും. മാഡ്രിഡിലേക്ക് ജൂലൈ 17 മുതലാണ് സർവീസ് ആരംഭിക്കുക. മാഞ്ചസ്റ്ററിലേക്ക് ജൂലൈ 23 മുതലും സർവീസ് തുടങ്ങും. ഇതിന് പുറമെ നേരത്തെ പ്രഖ്യാപിച്ച ലണ്ടൻ സർവീസിന്റെ തീയതി മുമ്പ് അറിയിച്ചതിനേക്കാൾ നേരത്തെയാക്കിയിട്ടുണ്ട്. പുതിയ വിമാനങ്ങൾ ഷെഡ്യൂളിന് മുമ്പ് തന്നെ ലഭ്യമായ പശ്ചാത്തലത്തിൽ, ജൂലൈ ഒന്നിന് നടത്താനിരുന്ന ലണ്ടൻ സർവീസ് ജൂൺ 10-ലേക്കാണ് മാറ്റിയത്. കമ്പനിയുടെ അതിവേഗത്തിലുള്ള പ്രവർത്തന സജ്ജതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

 ആധുനിക സാങ്കേതികവിദ്യയും സൗദി അറേബ്യയുടെ പരമ്പരാഗത അതിഥിസൽക്കാരവും ഒന്നിപ്പിച്ചു കൊണ്ട് വ്യോമയാന മേഖലയ്ക്ക് പുതിയ നിർവചനം നൽകാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് സി.ഇ.ഒ ടോണി ഡഗ്ലസ് വ്യക്തമാക്കി. യൂറോപ്പ്, അമേരിക്കൻ ഭൂഖണ്ഡങ്ങൾ എന്നിവയെ മിഡിൽ ഈസ്റ്റുമായും ഇന്ത്യൻ ഉപഭൂഖണ്ഡവുമായും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി റിയാദിനെ മാറ്റും. 2030-ഓടെ തലസ്ഥാന നഗരമായ റിയാദിനെ ലോകമെമ്പാടുമുള്ള നൂറിലധികം നഗരങ്ങളുമായി ബന്ധിപ്പിക്കാൻ ശേഷിയുള്ള 72 ഡ്രീംലൈനർ വിമാനങ്ങളുടെ വിപുലമായ ഒരു ഫ്ലീറ്റ് കെട്ടിപ്പടുക്കാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. സൗദി ഭരണകൂടത്തിന്റെ എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണ് വിമാനക്കമ്പനിയുടെ ഉടമസ്ഥർ.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News