റിയാദിലെ വാദിലബൻ പാലത്തിന് സമാന്തര പാലം; നിർമാണം 28% പൂർത്തിയായി
പദ്ധതി ത്വാഇഫ് റോഡ് വികസന പദ്ധതിയുടെ ഭാഗം
റിയാദ്: റിയാദ് നഗരത്തിലെ വാദി ലബൻ പാലത്തിന് സമാന്തരമായി നിർമിക്കുന്ന രണ്ട് പുതിയ പാലങ്ങളുടെ നിർമാണത്തിൽ 28 ശതമാനം പുരോഗതി കൈവരിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു. റിയാദ് നഗരത്തിലെ പ്രധാന റോഡുകളുടെയും റിങ് റോഡുകളുടെയും വികസന പരിപാടിയുടെ ഭാഗമായാണ് ഈ പ്രൊജക്റ്റ് നടപ്പിലാക്കുന്നത്. റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുക, വർധിച്ചുവരുന്ന ഗതാഗത തിരക്ക് നിയന്ത്രിക്കുക, നഗരത്തിലെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ത്വാഇഫ് റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് കമ്മീഷൻ ഈ രണ്ട് പാലങ്ങളുടെ നിർമാണം ആരംഭിച്ചത്. പടിഞ്ഞാറ് ഭാഗത്തുള്ള ഖിദ്ദിയ നഗരത്തെ കിഴക്ക് ഭാഗത്തുള്ള റിങ് റോഡുമായും ജിദ്ദ റോഡുമായും കൂടുതൽ മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതിനായി നജ്ദ്, അസീർ റോഡുകളുമായി ചേരുന്ന രണ്ട് പ്രധാന ജങ്ഷനുകളുടെ വികസനവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
റിയാദ് നഗരത്തിലെ പ്രധാന റോഡുകളുടെയും റിങ് റോഡുകളുടെയും വികസന പരിപാടിയുടെ ഒന്നാം ഘട്ടത്തിന് 2024 ഓഗസ്റ്റിലാണ് കമ്മീഷൻ തുടക്കം കുറിച്ചത്. 13 ബില്യൺ റിയാലിലധികം ചെലവ് വരുന്ന നാല് പ്രധാന പദ്ധതികളാണ് ഈ ഘട്ടത്തിൽ അനുവദിച്ചത്. ഇതിൽ രണ്ടാമത്തെ സൗത്ത് റിങ് റോഡ് നിർമാണം, വാദി ലബൻ പാലത്തിന് സമാന്തരമായി രണ്ട് പാലങ്ങൾ നിർമിക്കൽ, വെസ്റ്റ് റിങ് റോഡും ജിദ്ദ റോഡും ചേരുന്ന ജംഗ്ഷന്റെ വികസനം എന്നിവ ഉൾപ്പെടുന്നു.