ഇനി അലക്ഷ്യമായ പാർക്കിങ്ങില്ല; മദീനയിൽ പുതിയ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു
നിശ്ചയിക്കപ്പെട്ടിട്ടുള്ള കേന്ദ്രങ്ങളിൽ ആദ്യഘട്ടത്തിൽ സേവനം പൂർണമായും സൗജന്യം
ജിദ്ദ: നഗരത്തിലെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പൊതു പാർക്കിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി പുതിയ 'മദീന പാർക്കിങ്' പദ്ധതിയുമായി മുനിസിപ്പാലിറ്റി. നഗരത്തിലെ തിരക്കേറിയതും വാണിജ്യ പ്രാധാന്യമുള്ളതുമായ മേഖലകളിൽ വാഹന പാർക്കിങ് കൃത്യമായി നിയന്ത്രിക്കാനും ഗതാഗത ഒഴുക്ക് വർധിപ്പിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള കേന്ദ്രങ്ങളിൽ സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ജനങ്ങൾക്കും സന്ദർശകർക്കും പാർക്കിങ് സ്പേസ് തിരഞ്ഞുനടന്നുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാൻ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് സഹായിക്കും. നഗരത്തിലെ അലക്ഷ്യമായ പാർക്കിങ് രീതികൾ കുറയ്ക്കുന്നതിലൂടെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും നഗര ഭംഗി നിലനിർത്താനും സാധിക്കും. ഇത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ലക്ഷ്യങ്ങളുടെ ഭാഗമാണ്.
ആദ്യഘട്ടത്തിലെ സൗജന്യ ട്രയലിന് ശേഷം അംഗീകൃത പ്ലാൻ അനുസരിച്ച് നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത ഘട്ടങ്ങളിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ പേയ്‌മെന്റ് രീതികൾ ഇതിൽ ലഭ്യമാക്കും. പദ്ധതിയുടെ കൂടുതൽ വിവരങ്ങളും ഉപയോഗിക്കേണ്ട രീതികളും ഔദ്യോഗിക ചാനലുകൾ വഴി ഉടൻ പുറത്തുവിടും. പുതിയ പാർക്കിങ് സേവനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും അപ്‌ഡേറ്റുകളും അറിയാൻ മദീന മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.