നവീകരണത്തിന് ശേഷം സൗദിയിലെ അൽ-വജ്ഹ് എയർപോർട്ട് വീണ്ടും തുറന്നു
യാത്രക്കാരുടെ ശേഷി 5 ലക്ഷമാക്കി ഉയർത്തി
റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള അൽ-വജ്ഹ് അന്താരാഷ്ട്ര വിമാനത്താവളം സമഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറന്നതായി റെഡ് സീ ഗ്ലോബൽ അറിയിച്ചു. രണ്ടു വർഷം നീണ്ടുനിന്ന വികസന നവീകരണ പ്രവർത്തനങ്ങൾക്ക് ഒടുവിൽ 2026 മെയ് 24 നാണ് വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ ഔദ്യോഗികമായി പുനരാരംഭിച്ചത്.
നിലവിൽ സൗദിയ എയർലൈൻസ് ആഴ്ചയിൽ അഞ്ച് സർവീസുകളോടെയാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം റിയാദിൽ നിന്നും രണ്ടെണ്ണം ജിദ്ദയിൽ നിന്നുമാണ്. വരും ദിവസങ്ങളിൽ ഈ മേഖലയിലെ വ്യോമബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിലെ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനും പ്രദേശവാസികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു നിക്ഷേപമാണ് ഈ പദ്ധതിയെന്ന് റെഡ് സീ ഗ്ലോബൽ ഗ്രൂപ്പ് സിഇഒ ജോൺ പഗാനോ പറഞ്ഞു. തബൂക്ക് പ്രവിശ്യയ്ക്ക് ഇപ്പോൾ അന്താരാഷ്ട്ര സർവീസുകൾ സ്വീകരിക്കാനും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായും ലോകവുമായും ബന്ധപ്പെടാനും ശേഷിയുള്ള ഒരു വിമാനത്താവളം ലഭ്യമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളത്തിന്റെ വാർഷിക യാത്രാ ശേഷി മുമ്പുണ്ടായിരുന്ന 1 ലക്ഷത്തിൽ നിന്നും 5 ലക്ഷം യാത്രക്കാരായി ഉയർത്തിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ 4 ഡിപ്പാർച്ചർ, അറൈവൽ ഗേറ്റുകളിലൂടെ മണിക്കൂറിൽ 330 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഇതിന് സാധിക്കും.