കിഴക്കൻ പ്രദേശങ്ങളിൽ താപനില 48°C; വെന്തുരുകി സൗദി
വേനൽച്ചൂട് ഉയരുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
റിയാദ്: സൗദിയിലെ വിവിധയിടങ്ങളിൽ വേനൽച്ചൂട് ഉയരുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്ന് താപനില 48 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തൊഴിലിടങ്ങൾക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ കടുത്ത ചൂടിലേക്ക് മാറുകയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങൾ. കിഴക്കൻ പ്രവിശ്യയിലാണ് രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. അൽ ഹസ്സയിൽ ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തി. 48 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. ദമാമിൽ 47-ഉം വാദി അൽ ദവാസിറിൽ 46 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മക്കയിലും നജ്‌റാനിലെ ഷറൂറയിലുമാണ് ശക്തമായ താപനില രേഖപ്പെടുത്തിയ സ്ഥലങ്ങൾ. 45 ഡിഗ്രിക്ക് മുകളിലാണ് ഇരു പ്രദേശങ്ങളിലെയും താപനില. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉച്ചനേരങ്ങളിൽ വെയിൽ നേരിട്ടേൽ ക്കരുതെന്നും നിർദേശമുണ്ട്. തൊഴിലിടങ്ങളിൽ പാലിക്കേണ്ട ചട്ടങ്ങളും അതോറിറ്റി നൽകി കഴിഞ്ഞു.