സൗദിക്ക് ആണവോർജം നൽകാൻ ട്രംപ്; വിമർശനമറിയിച്ച് യുഎസിലെ ഒരു വിഭാഗം
സൗദിയും ആണവ സമ്പുഷ്ടീകരണത്തിലേക്ക് കടക്കുന്നതിൽ ഇസ്രായേൽ ആശങ്ക പ്രകടിപ്പിച്ചു
റിയാദ്: സൗദി അറേബ്യക്ക് ആണവ സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്ന കരാറിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അംഗീകാരം. സമാധാനപരമായ ആണവ പദ്ധതിക്കാണ് മാസങ്ങളായുള്ള ചർച്ചക്കൊടുവിൽ അനുമതി നൽകിയത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. 30 വർഷത്തെ കരാറാണ് അമേരിക്കയും സൗദി അറേബ്യയും ഒപ്പുവെക്കുക. ബില്യൺ കണക്കിന് ഡോളറിന്റെ ഇടപാട് ഇതിന്റെ ഭാഗമായുണ്ടാവും.
സൗദി അറേബ്യയിൽ സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവ സമ്പുഷ്ടീകരണ സംവിധാനം ഒരുക്കാൻ അമേരിക്കൻ സ്ഥാപനങ്ങളുടെ സഹകരണമുണ്ടാകും. ഇതിനായി യുഎസ് ഉദ്യോഗസ്ഥർ സദിയിലെത്തും. അമേരിക്കയും സൗദി അറേബ്യയും നടത്തുന്ന സംയുക്ത പഠനത്തിലൂടെയാകും ആണവ സമ്പുഷ്ടീകരണ സംവിധാനം എവിടെ ഒരുക്കണമെന്നത് സംബന്ധിച്ചുള്ള തീരുമാനം വരിക. ന്യൂക്ലിയർ റിയാക്ടർ നിർമിക്കൽ അടക്കമുള്ളവയിൽ അമേരിക്കൻ സ്ഥാപനങ്ങളുടെ സഹകരണമുണ്ടാകും.
മതിയായ സുരക്ഷാ മുൻകരുതലില്ലാതെയാണ് നീക്കമെന്ന് ട്രംപ് വിരുദ്ധ പക്ഷം ആരോപിക്കുന്നു. കരാർ നടപ്പാകുന്നതിൽ ഇസ്രായേലും ആശങ്ക പ്രകടിപ്പിച്ചു. മേഖലയിൽ ഇറാനൊപ്പം സൗദിയും ആണവ സമ്പുഷ്ടീകരണത്തിലേക്ക് കടക്കുന്നത് ഇസ്രായേൽ ആശങ്കയോടെയാണ് കാണുന്നത്. എന്നാൽ യുഎസുമായി കരാറിലെത്തുന്നതോടെ റഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി സൗദി നേരത്തെ നടത്തിയ യുറേനിയം സമ്പുഷ്ടീകരണ സഹകരണ സാധ്യതകൾ ഇതോടെ ഇല്ലാതാകും. നേട്ടം സാമ്പത്തികമായി യുഎസിന് കരാർ വഴി ലഭിക്കുമെങ്കിലും സൗദിയെ സംബന്ധിച്ച് കരാർ വൻ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.