സൗദിയിൽ സമ്മർ സീസൺ കൂളാക്കാം; 6 സൂപ്പർ സാഹസിക കേന്ദ്രങ്ങൾ റെഡി...
സഞ്ചാരികളെ കാത്തിരിക്കുന്നത് ലോക റെക്കോർഡുകൾ തകർത്ത റോളർ കോസ്റ്റർ മുതൽ സ്രാവുകൾക്കൊപ്പമുള്ള ഡൈവിങ് വരെ
റിയാദ്: ചുട്ടുപൊള്ളുന്ന സമ്മർ സീസൺ കൂളാക്കാൻ വമ്പൻ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജ്ജമാക്കി സൗദി അറേബ്യ. യുവാക്കളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ലക്ഷ്യമിട്ട് കൂറ്റൻ പദ്ധതികളാണ് സൗദി ഒരുക്കിയിരിക്കുന്നത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) കോടിക്കണക്കിന് റിയാലിന്റെ നിക്ഷേപത്തിൽ ഉയർന്നുവരുന്ന കൂറ്റൻ അമ്യൂസ്‌മെന്റ് പാർക്കുകൾ, പർവത-തീരദേശ റിസോർട്ടുകൾ എന്നിവ രാജ്യത്തെ ആഗോള ടൂറിസം ഭൂപടത്തിൽ തന്നെ മുൻനിരയിലെത്തിക്കുന്നു. കഴിഞ്ഞ വർഷം മാത്രം 12.2 കോടിയിലധികം സന്ദർശകരെ സ്വീകരിച്ച സൗദി അറേബ്യ, 2030 ഓടെ പ്രതിവർഷം 15 കോടി വിനോദസഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത്.
1. ഖിദ്ദിയ സിറ്റി: റെക്കോർഡുകൾ കുറിക്കുന്ന വിനോദ നഗരം
റിയാദിൽ നിന്ന് 45 കിലോമീറ്റർ പടിഞ്ഞാറായി തുവൈഖ് മലനിരകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ഹബ്ബാണ്. ലോകത്തിലെ ചുരുക്കം ചില എലൈറ്റ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലേക്കും മികച്ച റേറ്റിങ്ങോടെ ഖിദ്ദിയ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഫാൽക്കൺസ് ഫ്ലൈറ്റ്: ഒരേസമയം മൂന്ന് ലോക റെക്കോർഡുകളാണ് ഈ റോളർ കോസ്റ്റർ തകർത്തത്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും (195 മീറ്റർ - 60 നിലകെട്ടിടത്തിന് തുല്യം), ഏറ്റവും നീളമേറിയതും (4.3 കി.മീ), ഏറ്റവും വേഗതയേറിയതുമായ (മണിക്കൂറിൽ 250 കി.മീ) റോളർ കോസ്റ്ററാണിത്.
അക്വാറേബിയ: 260 കോടി റിയാൽ ചെലവിൽ നിർമിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്കാണിത്. 250,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ വേവ് പൂളുകളും 22-ലധികം വാട്ടർ റൈഡുകളുമുണ്ട്.
2. അൽ ഉല: ചരിത്രവും ആകാശ സാഹസികതകളും
ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ എയർ മ്യൂസിയമായ അൽ ഉല, സാഹസിക യാത്രക്കാരുടെയും ഇഷ്ട കേന്ദ്രമാണ്.
ഹോട്ട് എയർ ബലൂൺ & സിപ്‌ലൈൻ: മദായിൻ സ്വാലിഹിന് മുകളിലൂടെ 1,200 മീറ്റർ ഉയരത്തിൽ പാറിപ്പറക്കുന്ന ഹോട്ട് എയർ ബലൂൺ യാത്രകളും, മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ മലയിടുക്കുകൾക്ക് മുകളിലൂടെ സൂപ്പർമാൻ സ്റ്റൈലിൽ പോകുന്ന 1.5 കിലോമീറ്റർ നീളമുള്ള രാജ്യത്തെ ഏറ്റവും വേഗതയേറിയ 'അൽ ഉല സിപ്‌ലൈൻ' റൈഡും ഇവിടെയുണ്ട്.
മലനിരകൾക്ക് മുകളിലെ 45 മീറ്റർ ഉയരമുള്ള കോണി കയറ്റവും, 70 മീറ്റർ അകലത്തിൽ പാറകെട്ടുകൾക്കിടയിലൂടെ ഊഞ്ഞാലാടുന്ന ജയന്റ് സ്വിങ്ങും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
3. യാമ്പു: ചെങ്കടലിന്റെ അടിത്തട്ടിലെ അത്ഭുതങ്ങൾ
സൗദി അറേബ്യയുടെ 'ഡൈവിങ് ക്യാപിറ്റൽ' എന്നാണ് യാമ്പു അറിയപ്പെടുന്നത്.
അയോണ കപ്പൽച്ചേതം: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ബ്രിട്ടീഷ് കപ്പലായ 'അയോണ' പവിഴപ്പുറ്റുകളിൽ തട്ടി തകർന്നടിഞ്ഞ ഭാഗം ഇന്ന് ലോകത്തിലെ തന്നെ മികച്ച സ്‌കൂബാ ഡൈവിങ്, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി കേന്ദ്രമാണ്.
സെവൻ റീഫ്‌സ് : വർണാഭമായ പവിഴപ്പുറ്റുകളും കടൽജീവികളും നിറഞ്ഞ ഇവിടം ഡൈവർമാരുടെ പറുദീസയാണ്.
4. അസീർ: മേഘങ്ങൾക്ക് മുകളിലൂടെ ഒരു ആകാശയാത്ര
സമുദ്രനിരപ്പിൽ നിന്ന് 3,000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അസീർ പാരഗ്ലൈഡിങ്ങിന്റെ പ്രധാന കേന്ദ്രമാണ്.
തൂക്കുമര ഗ്രാമം: പാരഗ്ലൈഡിങ് വഴി അഖബ അൽ സമാ റോഡിന് മുകളിലൂടെ പറക്കുമ്പോൾ മേഘം മൂടിയ വനങ്ങളും അൽഹബ്‌ല എന്ന "തൂക്കുമര ഗ്രാമവും" കാണാം. പണ്ട് കയർ കോണികൾ വഴി മാത്രം എത്തിച്ചേരാമായിരുന്ന ഈ ഗ്രാമത്തിലേക്ക് ഇപ്പോൾ കേബിൾ കാറുകൾ ലഭ്യമാണ്. 'അൽ സൂദ പീക്സ്' പദ്ധതിയിലൂടെ പ്രദേശത്തെ ആഗോള പർവത ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നിർമാണങ്ങൾ പുരോഗമിക്കുകയാണ്.
5. ജിദ്ദ: ചെങ്കടൽ തീരത്തെ നോൺ-സ്റ്റോപ്പ് ആവേശം
ഫോർമുല വൺ റേസ് ട്രാക്ക് സ്ഥിതി ചെയ്യുന്ന ജിദ്ദ കോർണിഷ് വാക്കിങ്ങിനും സൈക്ലിങ്ങിനും വാട്ടർ സ്പോർട്സുകൾക്കും ഒരുപോലെ പ്രശസ്തമാണ്.
ജെറ്റ് കാർ & ഫ്ലൈബോർഡ്: വാട്ടർ സ്‌കൂട്ടറും സ്‌പോർട്‌സ് കാറും സമന്വയിപ്പിച്ച 'ജെറ്റ് കാർ', വെള്ളത്തിന് മുകളിലേക്ക് പറന്നുയരുന്ന 'ഫ്ലൈബോർഡ്' എന്നിവ യുവജനങ്ങളുടെ പ്രിയപ്പെട്ട വിനോദങ്ങളാണ്. കടലിനടിയിൽ സ്രാവുകൾക്കൊപ്പം കൂട്ടിനുള്ളിൽ ഇറങ്ങിയുള്ള 'കേജ് ഡൈവിങ്' അനുഭവങ്ങളും ജിദ്ദയിൽ ലഭിക്കും.
6. നിയോം - ട്രോജീന: ഭാവിയിലെ പർവത സാഹസികത
നിയോമിലെ പർവതനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 1,500 മുതൽ 2,600 മീറ്റർ വരെ ഉയരത്തിൽ നിർമിക്കുന്ന പദ്ധതിയാണ് 'ട്രോജീന'. 2.8 കിലോമീറ്റർ നീളമുള്ള കൃത്രിമ തടാകം, മൗണ്ടൻ ബൈക്കിങ്ങ് ട്രാക്കുകൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. 2029-ലെ ഏഷ്യൻ വിന്റർ ഗെയിംസിന് വേദിയാകുന്ന ട്രോജീനയുടെ പ്രധാന നിർമാണ പ്രവർത്തനങ്ങൾ 2026 അവസാനത്തോടെ പൂർത്തിയാകും.