'വക്കം ഖാദറിന്റെ സമരജീവിതത്തിന്റെ ചരിത്രരേഖയാണ് ബലി'; പിഎംഎ ഖാദർ

മാതൃസ്നേഹവും പോരാട്ടവും ത്യാഗവും നിറഞ്ഞതായിരുന്നു വക്കം ഖാദറിന്റെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു

Update: 2026-07-23 13:22 GMT

ജിദ്ദ: സ്വാതന്ത്ര്യ സമര സേനാനി വക്കം ഖാദറിന്റെ അവസാന കത്താണ് ചരിത്രനോവൽ ‘ബലി’യുടെ രചനയ്ക്ക് പ്രചോദനമായതെന്ന് നോവലിസ്റ്റ് പി.എം.എ ഖാദർ. അക്ഷരം വായന വേദി സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിൽ തൂക്കിലേറുന്നതിന് ആറു മണിക്കൂർ മുമ്പ് വക്കം ഖാദർ എഴുതിയ കത്തിൽ നിന്നാണ് തന്റെ അന്വേഷണം ആരംഭിച്ചതെന്നും, അതാണ് ‘ബലി’ എന്ന നോവലിന്റെ പിറവിയിലേക്ക് നയിച്ചതെന്നും പി.എം.എ. ഖാദർ പറഞ്ഞു.

ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തുന്നത് ഏറെ ദുഷ്‌കരമായ കാര്യമാണ്. വക്കം ഖാദറിന്റെ ജീവിതകാലഘട്ടം, ബ്രിട്ടീഷ് ഭരണകാലം, രണ്ടാം ലോകയുദ്ധം, ഇന്ത്യൻ നാഷണൽ ആർമി, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ വിഷയങ്ങൾ വിശദമായി പഠിച്ച ശേഷമാണ് നോവൽ തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രണയവും മാതൃസ്നേഹവും പോരാട്ടവും ത്യാഗവും നിറഞ്ഞതായിരുന്നു വക്കം ഖാദറിന്റെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. മലായയിൽ നിന്ന് ഐ.എൻ.എയിൽ ചേർന്ന് ചാവേർ സംഘത്തിന്റെ നേതാവായി നാട്ടിലെത്തിയ വക്കം ഖാദറിനെ ബ്രിട്ടീഷ് സേന പിടികൂടുകയും പിന്നീട് വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു. അന്ത്യനിമിഷങ്ങളിൽ സുഹൃത്ത് അനന്തനായരോടൊപ്പം തന്നെ തൂക്കിലേറ്റണമെന്ന വക്കം ഖാദറിന്റെ ആവശ്യം ഹിന്ദു–മുസ്‍ലിം ഐക്യത്തിന്റെ ഉജ്ജ്വല സന്ദേശമായിരുന്നുവെന്നും പി.എം.എ. ഖാദർ പറഞ്ഞു. വക്കം ഖാദറിനെ ‘ദക്ഷിണേന്ത്യയിലെ ഭഗത് സിംഗ്’ എന്ന് വിശേഷിപ്പിക്കുന്നത് ഉചിതമല്ലെന്നും, സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷികളിലൊരാളായ അദ്ദേഹത്തിന്റെ ജീവിതം സവിശേഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News