സൗദിയിൽ 'മലാഅ' ഐ.ടി കമ്പനിക്ക് ഡിജിറ്റൽ പേയ്മെന്റ് ലൈസൻസ് അനുവദിച്ച് 'സാമ'
അംഗീകൃത സ്ഥാപനങ്ങളുടെ എണ്ണം 33 ആയി ഉയർന്നു
റിയാദ്: സൗദിയിൽ ഡിജിറ്റൽ പേയ്മെന്റ് നടത്തുന്നതിനായി മലാഅ ഐ.ടി കമ്പനിക്ക് ലൈസൻസ് അനുവദിച്ച് സൗദി സെൻട്രൽ ബാങ്ക്. ഓപ്പൺ ബാങ്കിങ് സിസ്റ്റവുമായി ബന്ധപ്പെട്ട പേയ്‌മെന്റ് അക്കൗണ്ട് ഇൻഫർമേഷൻ സേവനങ്ങൾ നൽകുന്നതിനാണ് കമ്പനിക്ക് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഔദ്യോഗികമായി പേയ്‌മെന്റ് സേവനങ്ങൾ നൽകാൻ അനുമതിയുള്ള കമ്പനികളുടെ എണ്ണം 33 ആയി ഉയർന്നു.
രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയെ പിന്തുണയ്ക്കാനും സാമ്പത്തിക ഇടപാടുകളുടെ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള സെൻട്രൽ ബാങ്കിന്റെ നടപടികളുടെ ഭാഗമായാണ് നീക്കം. അതേസമയം, സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക ലൈസൻസോ അംഗീകാരമോ ഉള്ള ധനകാര്യ സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് സാമ ഓർമിപ്പിച്ചു. അംഗീകൃത സ്ഥാപനങ്ങളുടെ വിവരങ്ങൾ സാമയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.