സൂപ്പറാണ് സൗദി... ഡിജിറ്റൽ ഗവൺമെന്റ് സേവനത്തിൽ നാലാം തവണയും ഒന്നാം സ്ഥാനം
തുടർനേട്ടം മേഖലാതലത്തിൽ
റിയാദ്: ഡിജിറ്റൽ ഗവൺമെന്റ് സേവനത്തിൽ തുടർച്ചയായി നാലാം തവണയും മേഖലാതലത്തിൽ ഒന്നാം സ്ഥാനം നേടി സൗദി. 2025 ലെ ഗ്ലോബൽ ഇ-ഗവൺമെന്റ് മെച്യൂരിറ്റി ഇൻഡക്‌സി(GEMS)ൽ മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുമാണ് സൗദി ഒന്നാം സ്ഥാനം നിലനിർത്തിയത്. ഐക്യരാഷ്ട്രസഭയുടെ ഇകണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ (ESCWA)യാണ് സൂചിക പുറത്തിറക്കിയത്. മൊത്തത്തിലുള്ള വിലയിരുത്തലിൽ 99 ശതമാനമാണ് സൗദിയുടെ സ്‌കോർ. സേവന ലഭ്യതയും വികസനവും, പൊതുജനങ്ങൾക്കുള്ള സേവന ലഭ്യത എന്നീ ഉപസൂചകങ്ങളിൽ 100 ശതമാനവും സ്‌കോർ കൈവരിച്ചു. അതേസമയം 'സേവന ഉപയോഗവും ഉപയോക്തൃ സംതൃപ്തിയും'സൂചകത്തിൽ 99 ശതമാനവും നേടി.
17 രാജ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് സൂചിക. ഔദ്യോഗിക ഡിജിറ്റൽ പോർട്ടലുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും നൽകുന്ന 100 ഗവൺമെന്റ് സേവനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കുന്നത്.