ലോകത്തിലെ എലൈറ്റ് ഡെസ്റ്റിനേഷൻ സൗദിയിലും; 'ഖിദ്ദിയ സിറ്റി' ദി നമ്പ‍‍ർ വൺ

മികച്ച റേറ്റിങ്ങോടെയുള്ള അം​ഗീകാരം വേൾഡ് ഡെസ്റ്റിനേഷൻ ‌ഓർഗനൈസേഷനിൽ

Update: 2026-07-22 17:20 GMT

റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സൗദിയുടെ മുഖം മിനുക്കി ഖിദ്ദിയ സിറ്റി. ലോകത്തിലെ ചുരുക്കം ചില എലൈറ്റ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഖിദ്ദിയയും ഇടംപിടിച്ചു. വേൾഡ് ഡെസ്റ്റിനേഷൻ ഓർഗനൈസേഷന്റെ 'ഡെസ്റ്റിനേഷൻ മാർക്കറ്റിങ് ആന്റ് മാനേജ്‌മെന്റ് അസസ്‌മെന്റ് പ്രോഗ്രാമിൽ' (DMSME) ഏറ്റവും ഉയർന്ന റേറ്റിങ്ങോടെയുള്ള അംഗീകാരമാണ് സൗദിയുടെ ഈ വിനോദ-കായിക ന​ഗര പദ്ധതി സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ഈ അം​ഗീകാരം നേടുന്ന പശ്ചിമേഷ്യയിലെ തന്നെ ആദ്യ ഡെസ്റ്റിനേഷൻ എന്ന അം​ഗീകാരം കൂടി പദ്ധതി സ്വന്തം പേരിൽ എഴുതിച്ചേർത്തു. എന്നാൽ ജനറൽ വിഭാ​ഗത്തിൽ ഈ അം​ഗീകാരം നേടുന്ന മേഖലയിലെ രണ്ടാമത്തെ ഡെസ്റ്റിനേഷനാണിത്.

Advertising
Advertising

ലോകമെമ്പാടുമുള്ള ഏകദേശം 200 ഓളം ഡെസ്റ്റിനേഷൻ ഓർഗനൈസേഷനുകളെയാണ് അക്രഡിറ്റേഷൻ വിലയിരുത്തലിനായി പരിഗണിച്ചത്. ഇതിൽ യാതൊരുവിധ കുറവുകളും രേഖപ്പെടുത്താതെ, എല്ലാ മാനദണ്ഡങ്ങളും മറികടന്ന 20 ശതമാനത്തിൽ താഴെ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ 'ഡിസ്റ്റിങ്ഷൻ റാങ്ക്' ലഭിച്ചത്. ഗവേണൻസ്, സാമ്പത്തിക വിനിയോഗം, പ്രവർത്തന മികവ്, ഹ്യൂമൻ റിസോഴ്‌സ്, സാങ്കേതികവിദ്യ, വിസിറ്റർ സർവീസസ്, ബ്രാന്റ് മാനേജ്‌മെന്റ്, വികസനം എന്നിവ ആധാരമാക്കിയാണ് ഈ പുരസ്‌കാരം നൽകുന്നത്.

​ഏത് പ്രതിസന്ധികൾക്കിടയിലും ഗുണനിലവാരത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകളുമില്ലാതെയാണ് സിറ്റി പടുത്തുയർത്തുന്നത്. മനുഷ്യജീവിതത്തിലും കമ്മ്യൂണിറ്റികളിലും വിനോദത്തിന് വലിയൊരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന കാഴ്ചപ്പാടാണ് ഈ വിജയത്തിന് പിന്നിലെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനി ചീഫ് മാർക്കറ്റിങ് ആന്റ് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഓഫീസർ മുഹമ്മദ് ബസ്രാവി പറഞ്ഞു. റിയാദിൽ നിന്ന് 45 കിലോമീറ്റർ പടിഞ്ഞാറ്, 360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) നേതൃത്വത്തിൽ ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനി ഈ വിനോദ നഗരം നിർമിക്കുന്നത്. സൗദി വിഷൻ 2030-ന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് കൂടിയാണിത്.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News