Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദോഹ: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി സിറിയൻ പ്രസിഡണ്ട്. ദോഹയിലായിരുന്നു കൂടിക്കാഴ്ച. മേഖലയിലേതടക്കം വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
അമീരി ദിവാനിൽ വച്ചായിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സിറിയൻ പ്രസിഡണ്ട് അഹ്മദ് അശ്ശറായും തമ്മിലുള്ള കൂടിക്കാഴ്ച. പശ്ചിമേഷ്യയിലെ സുരക്ഷയും സമാധാനവും നിലനിർത്തുന്നതിന് മേഖലയിലെ രാഷ്ട്രങ്ങൾ ഏകോപിച്ചുള്ള നീക്കങ്ങൾ അനിവാര്യമാണെന്ന് നേതാക്കൾ വിലയിരുത്തി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും ധാരണയായി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തന്റെ രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്ന് സിറിയൻ പ്രസിഡണ്ട് ഉറപ്പു നൽകി. ഇറാൻ ആക്രമണങ്ങളിൽ അദ്ദേഹം ഖത്തറിന് ഐക്യദാർഢ്യവും അറിയിച്ചു.
അമീരി ദിവാനിൽ അഹ്മദ് അശ്ശറാഇനും സംഘത്തിനും അമീർ ഔദ്യോഗിക വിരുന്നും ഒരുക്കിയിരുന്നു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി അടക്കമുള്ള പ്രമുഖർ ചർച്ചകളിൽ പങ്കെടുത്തു.