സൗഹൃദ സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ ഒമാനിൽ നിന്ന് മടങ്ങി
ഹോർമുസിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ ശ്രമങ്ങളുണ്ടാവണമെന്ന് ഇരുനേതാക്കളും പറഞ്ഞു
ദോഹ: സൗഹൃദ സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഒമാനിൽ നിന്ന് മടങ്ങി, അൽബറക പാലസിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അമീർ കൂടിക്കാഴ്ച നടത്തി. മേഖലയിലെ സംഘർഷങ്ങൾ ഇല്ലാതാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങളുണ്ടാവണമെന്നും ഇരുനേതാക്കളും പറഞ്ഞു
ഇന്ന് ഉച്ചയോടെ മസ്കത്ത് റോയൽ എയർപോർട്ടിലെത്തിയ അമീറിനെ സുൽത്താൻ നേരിട്ടെത്തി ഊഷ്മള വരവേൽപാണ് നൽകിയത്. അൽ ബറക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര വ്യാപാരം, ഊർജ്ജ വിപണി, സാമ്പത്തിക സ്ഥിരത എന്നിവയിൽ മേഖലയിലെ സംഘർഷം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചർച്ചായായി. സംഘർഷം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി. ലോകത്തെ പ്രധാന ഊർജ്ജ പാതയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രമങ്ങൾ നടക്കണം. ഊർജ്ജ വിതരണവും വ്യാപാരവും തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും. നിലവിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ചർച്ചയിൽ ഇരുനേതാക്കളും പറഞ്ഞു. ഔദ്യോഗിക ചർച്ചകൾക്ക് പുറമെ, ഒമാനും ഖത്തറും തമ്മിലുള്ള സഹോദരബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ തേടുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. വൈകീട്ടോടെ മസ്‌കറ്റ് റോയൽ എയർപോർട്ടിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് അമീറിന് യാത്രയയപ്പ് നൽകിയത്. ഒമാനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഖത്തർ അമീറിന്റെ ഒമാൻ സന്ദർശനം.