Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദോഹ: വ്യോമഗതാഗതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിയതോടെ ഖത്തറിൽ നിന്ന് സർവീസ് നടത്താൻ കൂടുതൽ വിമാനക്കമ്പനികൾ. എട്ട് വിദേശ എയർലൈൻസുകൾ ദോഹയിൽ നിന്ന് സർവീസ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ അടക്കമുള്ള കമ്പനികൾ വൈകാതെ സർവീസ് ആരംഭിക്കുമെന്നാണ് സൂചന.
ഫ്ളൈ ദുബൈ, എയർ അറേബ്യ, ഒമാൻ എയർ, റോയൽ ജോർദാനിയൻ, ടാർകോ ഏവിയേഷൻ, യുഎസ്-ബംഗ്ല എയർലൈൻസ്, മിഡിലീസ്റ്റ് എയർലൈൻസ്, ഹിമാലയ എയർലൈൻസ് എന്നിവയാണ് ദോഹയിൽ നിന്ന് അടുത്ത ദിവസങ്ങളിൽ സർവീസ് പുനഃരാരംഭിക്കുന്നത്. ഹമദ് ഇന്റർനാഷണൽ എയർപോർട് ഔദ്യോഗിക വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 28 വരെയുള്ള സർവീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ വിമാനക്കമ്പനികൾക്ക് കൂടി സർവീസ് നടത്താൻ കഴിഞ്ഞ ദിവസമാണ് ഖത്തർ സിവിൽ വ്യോമയാന അതോറിറ്റി അനുമതി നൽകിയത്. ഇതിന്റെ ചുവടുപിടിച്ചാണ് കൂടുതൽ വിദേശവിമാനങ്ങളുടെ സേവനം ലഭ്യമാകുന്നത്. ഉയർന്ന അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാകും സർവീസുകൾ വീണ്ടും ആരംഭിക്കുകയെന്ന് വ്യോമയാന അതോറിറ്റി അറിയിച്ചിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ, ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
യുഎസ്-ഇറാൻ യുദ്ധത്തിനു ശേഷം ഖത്തർ എയർവേയ്സ് മാത്രമാണ് രാജ്യത്ത് നിന്ന് ഇതുവരെ സർവീസ് നടത്തിയിരുന്നത്. നിലവിൽ 120 ലേറെ വിദേശ നഗരങ്ങളിലേക്ക് ഖത്തർ എയർവേയ്സിന്റെ സർവീസുണ്ട്.